യാത്രചെയ്യുന്ന ട്രെയിനിന്റെ കമ്പാര്‍ട്ടുമെന്റുകള്‍ വൃത്തിയാക്കിയിട്ടില്ലെങ്കില്‍ ഇനി ചെയ്യേണ്ടത് ഇത്രമാത്രം. മൊബൈല്‍ ഫോണില്‍നിന്ന് 58888 എന്ന നമ്പറിലേക്ക് ക്ലീന്‍ എന്ന് സന്ദേശം അയക്കുക, പതിനഞ്ചു മിനിട്ടിനുള്ളില്‍ പ്രശ്നത്തിനു പരിഹാരം ഉണ്ടാകും. ഇത് റെയില്‍ മന്ത്രി സുരേഷ് പ്രഭുവിന്റെ ഉറപ്പാണ്.
ഇത്തവണത്തെ റെയില്‍ ബജറ്റില്‍ ശുചീകരണത്തിനും വൃത്തിക്കുമാണ് പ്രാധാന്യം. കഴിഞ്ഞ ബജറ്റില്‍ റെയില്‍വേ സ്റ്റേഷനുകളുടെ ശുചിത്വത്തിനായിരുന്നു പ്രാമുഖ്യം കൊടുത്തിരുന്നത്. ഇത്തവണ സ്റ്റേഷനുകള്‍ക്കു പുറമേ ട്രെയിനുകളെ ആധുനിക സാങ്കേതിക സംവിധാനങ്ങളുപയോഗിച്ച് ശുചിയാക്കി സംരക്ഷിക്കാനും പദ്ധതിയുണ്ട്. കൂടുതല്‍ എംപിമാര്‍ തങ്ങളുടെ ഫണ്ട് സ്റ്റേഷനുകളിലെ സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കണം.
ഈ ബജറ്റ് കാലാവധിയില്‍, 17,000 ബയോ ടോയ്ലറ്റുകള് ട്രെയിനുകളിലും, 475 ടോയ്ലറ്റുകള് സ്റ്റേഷനിലും സ്ഥാപിയ്ക്കും. വയോജനങ്ങള്‍ക്കായി, തിരഞ്ഞെടുത്ത പ്രധാന സ്റ്റേഷനുകളിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും ആവശ്യമുള്ള സ്ഥലത്തേക്ക് കൊണ്ടുപോകാവുന്ന രീതിയിലുള്ള സ്ട്രച്ചറുകളും ബയോ ടോയ്ലറ്റുകളും സ്ഥാപിക്കും. ഇവയുടെ പരിപാലനത്തിന് റെയില്‍വേയ്ക്ക് പുറമെ നിന്നുള്ള സംഘടനകളുടെ സഹായങ്ങളും സ്വീകരിക്കും.
കമ്പാര്‍ട്ടുമെന്റിന്റെ വൃത്തിക്കായി ക്ലീന്‍ എന്ന് 58888 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യുമ്പോള്‍, ജീവനക്കാരിലേക്ക് വൃത്തിയാക്കുന്നതിനുള്ള നിര്‍ദ്ദേശം ലഭിക്കുന്നതാണ് പദ്ധതി. എ വണ്‍ സ്റ്റേഷനുകളില്‍ ഭിന്നശേഷിയുളളവര്‍ക്കായി പ്രത്യേക ശുചിമുറികള്‍ ഒരുക്കും. ഭാരതത്തില്‍ മുഴുവനും ക്ലീന്‍ മൈ കോച്ച് സര്‍വീസ് എന്ന പദ്ധതി തുടങ്ങും. യാത്രക്കാരുടെ പരാതികളും അഭിപ്രായങ്ങളും മൊബൈല്‍ ഫോണ്‍ വഴിയോ ഓണ്‍ലൈന്‍ വഴിയോ നല്‍കാം, പതിനഞ്ച് മിനിട്ടിനുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതാണ് ഈ പദ്ധതി.
സ്റ്റേഷന്റെ നിലവാരം ഉയര്‍ത്തുന്നത് സംബന്ധിച്ച് പുറത്തുനിന്നുള്ള ഏജന്‍സിയുടെ ഓഡിറ്റിങ് നടത്താനും നിര്‍ദ്ദേശമുണ്ട്. ശുചിത്വം വര്‍ദ്ധിപ്പിക്കുന്നതിനായി സ്റ്റേഷനുകള്‍ക്ക് പുറത്ത്, റെയില്‍ പാതയോട് ചേര്‍ന്നുള്ള റോഡുകളിലും, ജനവാസ മേഖലയിലും ശുചീകരണത്തിനുള്ള പ്രചരണങ്ങള്‍ നടത്താനും പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: