ന്യൂദല്‍ഹി: ജനക്ഷേമ പദ്ധതികള്‍ക്ക് മുഖ്യപരിഗണന നല്കി കേന്ദ്രസര്‍ക്കാരിന്റെ 2016-17 വര്‍ഷത്തെ പൊതു ബജറ്റ് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സാമ്പത്തിക പരിഷ്കരണ നടപടികള്‍ തുടരുമെന്നും സാമ്പത്തിക സ്ഥിരതയുറപ്പായെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേ, ബജറ്റ് തന്റെ പരീക്ഷയാണെന്ന് പ്രധാനമന്ത്രി പ്രസ്താവിക്കുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രസ്താവന നിര്‍ണായകമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
രാവിലെ 11 മണിക്ക് ലോക്സഭയിലാണ് ബജറ്റവതരണം. ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് രാജ്യസഭയിലും ബജറ്റവതരിപ്പിക്കും.
വരുമാന നികുതി പരിധി മൂന്നുലക്ഷത്തിന് മുകളിലേക്ക് ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള ജനക്ഷേമ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ വിപ്ലവ പദ്ധതിയാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി ഇന്നലെ യുപിയില്‍ കര്‍ഷക റാലിയിലും ആവര്‍ത്തിച്ചു. വ്യവസായ മേഖലയിലും വളര്‍ച്ചയ്ക്കു ലക്ഷ്യമിട്ട് ഉല്‍പ്പാദന രംഗത്ത് ബഹുജന പങ്കാളിത്തം ഉറപ്പിക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും രാജ്യത്തിന്റെ സമ്പദ് രംഗത്തിന് ഏഴു മുതല്‍ 7.75 ശതമാനം വരെ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചെന്ന സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തികവളര്‍ച്ചയ്ക്ക് പ്രോത്സാഹനമേകുന്ന പ്രഖ്യാപനങ്ങളും തീരുമാനങ്ങളുമാകും ബജറ്റിലുണ്ടാകുക. വിദേശനിക്ഷേപം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനും ബജറ്റില്‍ ഊന്നല്‍ നല്‍കും. നിരവധി സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്കും ബജറ്റില്‍ ഇടമുണ്ടാകും. എന്നാല്‍ ഏഴാം ശമ്പള കമ്മീഷന് നടപ്പാക്കുന്നതോടെ വേണ്ടിവരുന്ന 1.02ലക്ഷം കോടി രൂപ കണ്ടെത്തുകയെന്ന വെല്ലുവിളി കേന്ദ്രസര്‍ക്കാരിന് മുന്നിലുണ്ട്. പ്രത്യക്ഷമല്ലാത്ത നികുതികളും പുതിയ നികുതികളും വഴി ഈ തുക സമാഹരിക്കേണ്ടിവരും. സേവന നികുതി 14.5 ശതമാനത്തില്‍ നിന്നും ജിഎസ്ടിയുടെ തുല്യമായ 18 ശതമാനത്തിലേക്ക് ഉയര്‍ത്താനും സാധ്യതയുണ്ട്.
ഏകദേശം 2.4 ബില്യണ്‍ ഡോളര്‍ ഷെയറുകളാണ് വിദേശ നിക്ഷേപകര്‍ക്ക് ഈവര്‍ഷം വിറ്റിരിക്കുന്നത്. ഏഷ്യയില്‍ രണ്ടാമത്തെ സ്ഥാനത്താണ് ഇക്കാര്യത്തില്‍ ഭാരതമെത്തിയിരിക്കുന്നത്.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ധനസഹമന്ത്രി ജയന്ത് സിന്‍ഹ, ധനകാര്യസെക്രട്ടറി രതന് പി വത്തല്‍, സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്, റവന്യൂ സെക്രട്ടറി ഡോ. ഹസ്മുഖ് ആദ്യ, മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം തുടങ്ങിയവരാണ് ബജറ്റ് തയ്യാറാക്കിയത്. കൂടാതെ 2015 സപ്തംബര്‍ മുതല്‍ ധനവകുപ്പിലെ നൂറോളം ജീവനക്കാരും ബജറ്റ് തയ്യാറാക്കല്‍ പ്രക്രിയയ്ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. തന്റെ പരീക്ഷയാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കീ ബാത്തില്‍ വ്യക്തമാക്കിയതോടെ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കായി ഏവരും ഉറ്റുനോക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: