ആദായനികുതി പരിധിയില്‍ മാറ്റമില്ല
എന്നാല്‍ ആദായനികുതി ഇളവിനുള്ള വീട്ടുവാടക പരിധി 24,000 രൂപയില്‍ നിന്ന് 60,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. അഞ്ചു ലക്ഷം രൂപവരെയുള്ളവര്ക്കുള്ള റിബേറ്റ് ഇതുവരെ രണ്ടായിരം രൂപയായിരുന്നു. ഇത് 5000 രൂപയാക്കി ഉയര്‍ത്തി. ഒരു കോടിയിലേറെ വരുമാനമുള്ളവര്‍ക്ക് മൂന്നു ശതമാനം സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.
സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്ക് നികുതിയിളവ്
അഞ്ചു കോടി വരെ വരുമാനമുള്ള ചെറുകിട ബിസിനസ് സംരംഭകള്‍ക്ക് ആദായ നികുതിയിളവ്. സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്ക് മൂന്നു വര്‍ഷം വരെ സമ്പൂര്‍ണ്ണ നികുതിയിളവ്
$വെള്ളി ഒഴികെയുള്ള ആഭരണങ്ങള്‍ക്ക് നികുതി
$ബീഡി ഒഴികെയുള്ള പുകയിലയുല്പ്പന്നങ്ങള്ക്ക് എക്സൈസ് തീരുവ പത്തില്‍ നിന്ന് പതിനഞ്ചു ശതമാനമാക്കി. ‘
ആഗോള സമ്പദ് വ്യവസ്ഥ തകര്‍ന്നപ്പോള്‍ ഭാരതത്തിന് 7.6 ശതമാനം വളര്‍ച്ച
ആഗോള സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയില്‍ ഭാരതം എങ്ങനെ പിടിച്ചു നിന്ന് നല്ല വളര്‍ച്ച കൈവരിച്ചുവെന്ന് വിശദീകരിച്ചാണ് തന്റെ മൂന്നാമത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ചത്.
ആഗോള സമ്പദ്വ്യവസ്ഥ വലിയ തകര്‍ച്ചയിലായിരുന്നു. പക്ഷെ ഭാരത സമ്പദ് വ്യവസ്ഥ പിടിച്ചു നിന്നു. മാത്രമല്ല നമുക്ക് 7.6 ശതമാനം വളര്‍ച്ച കൈവരിക്കാനും കഴിഞ്ഞു. ഐഎംഎഫ് നമ്മെ ആഗോളസാമ്പത്തികത്തകര്ച്ചയിലും തിളക്കമുള്ള രാജ്യമെന്നാണ് വിശേഷിപ്പിച്ചത്. പ്രതിസന്ധി നാം അവസരമാക്കി മാറ്റുകയായിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നാണയപ്പെരുപ്പം ഒന്‍പതു ശതമാനത്തിലേറെയായിരുന്നു. അത് വെറും 5.4 ശതമാനമാക്കിക്കുറയ്ക്കാന് തന്റെ സര്‍ക്കാരിന് കഴിഞ്ഞു.
വിദേശ നാണയ ശേഖരം 35000 കോടി ഡോളറായി വര്‍ദ്ധിച്ചു. അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഴാം ശമ്പള കമ്മീഷന് ശുപാര്‍ശകളും ഒരു റാങ്ക് ഒരു പെന്‍ഷനും നടപ്പാക്കേണ്ടതുണ്ട്. ഇതിന് വലിയ ചെലവാണ് നമുക്ക് നേരിടേണ്ടത്. ജെയ്റ്റ്ലി വിവരിച്ചു.
പാവപ്പെട്ട വീട്ടമ്മമാര്‍ക്ക് സൗജന്യ എല്‍പിജി കണക്ഷന്
പാവപ്പെട്ട, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യമായി പാചക വാതകം നല്കാന് പ്രത്യേക പദ്ധതി. ഒന്നരക്കോടി കുടുംബങ്ങള്‍ക്കാണ്, മുതിര്‍ന്ന വീട്ടമ്മമാരുടെ പേരില്‍ പാചക വാതകം നല്‍കുക. ഇത് അഞ്ചു വര്‍ഷം വരെ തുടരുമെന്നും ബജറ്റില്‍ പറയുന്നു. ഇതിന് രണ്ടായിരം കോടി രൂപയാണ് വകയിരുത്തിയത്.
സാധാരണക്കാര്‍ക്കായി വീടു നിര്‍മ്മിക്കുന്നവര്‍ക്ക് നികുതിയില്ല
സാധാരണക്കാര്‍ക്കു വേണ്ടി മെട്രോനഗരങ്ങളില്‍ 30 ചതുരശ്ര മീറ്ററുള്ള ഫഌറ്റുകളും മറ്റു നഗരങ്ങളില്‍ 60 ചതുരശ്ര മീറ്റര്‍ ഫഌറ്റുകളും നിര്‍മ്മിക്കുന്നവരെ നികുതിയില്‍ നിന്ന് ഒഴിവാക്കി.ഇത് സാധാരണക്കാര്‍ക്കുവേണ്ടിയുള്ള ഭവന നിര്‍മ്മാണം ചെലവു കുറഞ്ഞതാക്കാന് സാധിക്കും.
2017 മാര്‍ച്ചോടെ രാജ്യത്തെ 3ലക്ഷം നീതി സ്റ്റോറുകളില്‍ കമ്പ്യൂട്ടറൈസേഷന് നടപ്പാക്കും. പയറുവര്‍ഗ്ഗങ്ങളുടെ വിലസ്ഥിര ഉറപ്പുവരുത്താന്‍ 9,00 കോടി യുടെ വിലസ്ഥിരതാ ഫണ്ട്. ഭാഷ,വര്‍ണ്ണ, വര്‍ഗ്ഗ,സംസ്ക്കാര വത്യാസമന്നെ രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന പരിപാടി സംസ്ഥാനങ്ങളിലും ജില്ലാതലങ്ങളിലും നടപ്പാക്കും.
ചരിത്രം കുറിച്ച് പഞ്ചായത്തുകള്‍ക്ക് വമ്പന്‍ സഹായങ്ങള്‍
ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്തത്ര സഹായമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രം അനുവദിച്ചത്. 2.87 ലക്ഷം കോടി രൂപയാണ് പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കുമായി ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.ഇതു വഴി പഞ്ചാത്തുകള്‍ക്ക് 80 ലക്ഷം രൂപ വീതമാണ് ലഭിക്കുക. മുനിസിപ്പാലികള്ക്കും ജില്ലാ പഞ്ചായത്തുകള്‍ക്കും 21 കോടി രൂപയാണ് ലഭിക്കുക. വരള്‍ച്ചയുണ്ടാകുന്ന പഞ്ചായത്തുകളെ ദീന്‍ദയാല്‍ അന്ത്യോദയ മിഷനില്‍ ഉള്‍പ്പെടുത്തും.
പഞ്ചായത്തി രാജ് സ്ഥാപനങ്ങളുടെ ഭരണശേഷി വര്‍ദ്ധിപ്പിക്കാന്‍ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന് നടപ്പാക്കും. ഇതിന് 655 കോടി വകയിരുത്തി.മൊത്തം ഗ്രാമവികസനത്തിന് 87,765 കോടി രൂപയാണ് വകയിരുത്തിയത്.
എല്ലാ വീട്ടിലും വൈദ്യുതി
2018 മെയ് ഒന്നോടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കും. ഇതിനു വേണ്ടി 9,000 കോടി രൂപയും ബജറ്റില്‍ നീക്കിവച്ചു.
കാറുകള്‍ക്ക് തീരുവ
കാറുകള്‍ക്ക് പരിസ്ഥിതി സെസ്. പെട്രോള്‍, സിഎന്‍ജി കാറുകള്‍ക്ക് ഒരു ശതമാനവും ഡീസല്‍ കാറുകള്‍ക്ക് രണ്ടര ശതമാനവുമാണ് സെസ്. 10 ലക്ഷത്തിലധികം വിലയുള്ള ആഡംബര കാറുകള്‍ക്ക് ഒരു ശതമാനവും, എസ്യുവികള്‍ക്ക് നാലു ശതമാനവും അധിക നികുതി.
വില കൂടിയ വസ്ത്രങ്ങള്‍ക്ക് തീരുവ
ആയിരം രൂപയ്ക്കു മുകളിലുള്ള റെഡി മെയ്ഡ് വസ്ത്രങ്ങള്‍ക്ക് എക്സൈസ് തീരുവ ചുമത്തി. 50 കോടിയില്‍ കുറഞ്ഞ വരുമാനമുള്ള, വിവിധ മന്ത്രാലയങ്ങള്‍ ചുമത്തിയിരുന്ന പതിമൂന്നു തരം തീരുവകള്‍ എടുത്തു കളഞ്ഞു.
കൃഷി കല്യാണ്‍ സെസ്
എല്ലാത്തരം നികുതിയിലും 0.5 ശതമാനം കൃഷി കല്യാണ്‍ സെസ്. കാര്‍ഷിക മേഖലയിലെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ ശീതികരണ സംവിധാനം, റഫ്രിജറേറ്റഡ് കണ്ടെയ്നറുകള്‍ എന്നിവയ്ക്കായും ഇത് വിനിയോഗിക്കും.
പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യയയുടെജന്മദിനാഘോഷം
പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെയും ഗുരു ഗോവിന്ദ് സിങിന്റെയും ജന്മദിനാഘോഷങ്ങള്‍ക്ക് നൂറു കോടി രൂപയും ബജറ്റില്‍ വകയിരുത്തി.
സ്വച്ഛ് ഭാരതിന് 9000 കോടി
മോദി സര്‍ക്കാരിന്റെ വലിയ പദ്ധതികളില്‍ ഒന്നായ സ്വച്ഛ് ഭാരത് പദ്ധതിക്ക് ഈ ബജറ്റിലും വലിയ പ്രാധാന്യമാണ്: നല്‍കിയത്. ഇക്കുറി പദ്ധതിക്ക് 9,000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.
തൊഴിലുറപ്പ് പദ്ധതിക്ക് റെക്കോര്‍ഡ് തുക
ദേശീയ തൊഴിലുറപ്പു പദ്ധതിക്ക് റിക്കാര്‍ഡ് തുകയാണ് വകയിരുത്തിയത്.38,500 കോടി രൂപയാണ് ഇതിന് നല്‍കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 228 ശതമാനം വര്‍ദ്ധനയാണിത്. ഗ്രാമീണ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം 87,765 കോടിരൂപയാണ്.
വൃക്ക രോഗികള്‍ക്ക് ആശ്വാസം
വൃക്കരോഗികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് ഈ ബജറ്റ്. ദേശീയ ഡയാലിസിസ് പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്ന ബജറ്റില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡയാലിസിസ് യന്ത്രങ്ങള്‍ സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇതിനുള്ള യന്ത്രങ്ങളെ എല്ലാത്തരം തീരുവകളില്‍ നിന്നും ഒഴിവാക്കി. അതായത് ഡയാലിസിസ് മെഷീനുകളുടെ വില വന്‍തോതില്‍ കുറയും. പ്രതിവര്‍ഷം രണ്ടു ലക്ഷത്തിലേെറപ്പേരാണ് വൃക്കരോഗികളാകുന്നത്.ഇതു മൂലം ഡയാലിസിസുകളും കൂടിവരികയാണ്. ഭാരതത്തിലെ 4950 ഡയാലിസിസ് കേന്ദ്രങ്ങളും സ്വകാര്യ മേഖലയിലാണ്. ഓരോ ഡയാലിസിസിനും രണ്ടായിരം രൂപയെങ്കിലും വേണം. ഇവയെല്ലാം കണക്കിലെടുത്താണ്പുതിയ പദ്ധതി.
ഉന്നത വിദ്യാഭ്യാസത്തിന് വായ്പ,63 നവോദയ വിദ്യാലയങ്ങള്‍
ഉന്നത വിദ്യാഭ്യാസത്തിന് പണം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ് ബജറ്റ് നല്‍കുന്നത്. ഇതിന് ഹയര്‍ എഡ്യൂക്കേഷന്‍ ഫണ്ടിംഗ് ഏജന്‍സി തുടങ്ങും. ഇതിന് ആയിരം കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഈ സൗകര്യം വിനിയോഗിച്ച് പത്ത് പൊതു, പത്ത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലാക്കാനാണ് പദ്ധതി. അതുപോലെ രേഖകള്‍ ഡിജിറ്റലായി സര്‍ട്ടിഫൈ ചെയ്യാന്‍ അവസരം ഒരുക്കിയതും വിദ്യാര്‍ഥികള്‍ക്കും തൊഴിലന്വേഷകര്‍ക്കും ഗുണകരമാണ്. സര്‍വ്വ ശിക്ഷാ അഭിയാന്റെ ഭാഗമായി രാജ്യമൊട്ടാകെയായി 64 പുതിയ നവോദയ വിദ്യാലയങ്ങള്‍ തുറക്കും.
റോഡ്, റെയില്‍ വികസനത്തിന്2,18,000 കോടി രൂപ
രാജ്യത്തിന്റെ മുഖച്ഛായ മാറ്റിയെടുക്കും വിധത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് വലിയ പ്രാധാന്യമാണ് ഈ ബജറ്റിലും നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി സഡക് യോജനയ്ക്ക് 27,000 കോടി രൂപ വകയിരുത്തി. ഇതിനു പുറമേ റോഡ് ഗതാഗത, ഹൈവേ വികസനത്തിന് 55,000 കോടി രൂപയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇവയ്ക്കു പുറേമ കടപ്പത്രങ്ങള്‍ വഴി 15,000 കോടി രൂപ സമാഹരിക്കാനും പദ്ധതിയുണ്ട്. അതായത് മൊത്തം 97,000 കോടി രൂപയാണ് റോഡ് വികസനത്തിന് മാത്രമായി മാറ്റിവച്ചിരിക്കുന്നത്. പുതുതായി പതിനായിരം കിലോമീറ്റര്‍ ദേശീയ പാതയും 50,000 കിലോമീറ്റര്‍ സംസ്ഥാന പാതയും നിര്‍മ്മിക്കും. ഇതിനു പുറമേ റെയില്‍ വികസനം കൂടി കണക്കിലെടുത്താല്‍ 2,18,000 കോടി രൂപയാണ് റോഡ്, റെയില്‍ വികസനത്തിന് നീക്കിവച്ചിരിക്കുന്നത്.പുതിയ ഹരിത തുറമുഖങ്ങള്‍ വികസിപ്പിക്കാന്‍ 800 കോടിയാണ് വകയിരുത്തിയത്.
160 വിമാനത്താവളങ്ങള്നവീകരിക്കും
രാജത്തെ വിമാനത്താളവങ്ങളും എയര്‍സ്ട്രിപ്പുകളും നവീകരിക്കും മൊത്തം 160 എണ്ണങ്ങളാണ് നവീകരിക്കുക.
ബാങ്കുകള്‍ക്ക് പ്രത്യേക ട്രിബ്യൂണല്‍25000 കോടി ഫണ്ട്
ബാങ്കുകള്‍ പാപ്പരാകുകയോ തകരുകയോ ചെയ്താല്‍ പ്രശ്നം പരിഹരിക്കാന്‍ പ്രത്യേക ഫണ്ട്. കൂടാതെ ബാങ്കുകളുടെ കിട്ടാക്കടം പിടിച്ചെടുക്കാന്‍ പ്രത്യേക ട്രിബ്യൂണല്‍ രൂപീകരിക്കും. ഇപിഎഫില്‍ പുതുതായി ചേരുന്നവരുടെ വിഹിതമടയ്ക്കാന്‍ ആയിരം കോടി രൂപയാണ് വകയിരുത്തിയത്. ധനനയകമ്മറ്റി, ധനകാര്യ ഡേറ്റാ മാനേജ്മെന്റ് സെന്റര്‍ എന്നിവ രൂപീകരിക്കും. സെക്യൂരിറ്റീസ് അപ്പലറ്റ് ട്രിബ്യൂണലുകളുടെ എണ്ണവും അംഗങ്ങളുടെ എണ്ണവും വര്‍ദ്ധിപ്പിക്കും. പ്രധാനമന്ത്രി മുദ്ര യോജന വഴി 1,80,000 കോടി രൂപ വിതരണം ചെയ്യും. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി വിറ്റഴിക്കും.രാജ്യത്തൊട്ടാകെ എടിഎം വ്യാപിപ്പിക്കും.പൊതു മേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താന്‍ 25000 കോടി രൂപയാണ് മാറ്റിവച്ചത്.
കള്ളപ്പണത്തിന്പിഴയും നികുതിയും
രാജ്യത്തിന് വലിയ ഭീഷണിയായ കള്ളപ്പണം കണ്ടെത്താനും അങ്ങനെ രാജ്യത്തിന് അത് ഗുണകരമാക്കാനും പ്രത്യേകം പദ്ധതിയും ബജറ്റില്‍ വിഭാവനം ചെയ്യുന്നു. വെളിപ്പെടുത്താത്ത കള്ളപ്പണം ഉള്ളവര്‍ക്ക് പിഴയടക്കം 45 ശതമാനം പണം അടച്ചാല്‍ പണം വെള്ളപ്പണമാക്കിയെടുക്കാം. ഇത്രയും തുക അടച്ചാല്‍ പിന്നെ അവരെപ്പറ്റി അന്വേഷണം ഉണ്ടാവില്ലെന്നും സര്‍ക്കാര്‍ ബജറ്റില്‍ വ്യക്തമാക്കി. ഭക്ഷ്യ സംസ്ക്കരണ മേഖലയില്‍ നൂറു ശതമാനം വിദേശ നിക്ഷേപത്തിന് അനുമതിയുണ്ട്.
കോര്‍പ്പറേറ്റുകള്‍ക്ക് നികുതി
മോദി സര്‍ക്കാര്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന ആരോപണത്തിന് ചുട്ടമറുപടിയാണ് ബജറ്റില്‍ നല്‍കിയിരിക്കുന്നത്. ഒരു കോടിക്കു മേല്‍ വരുമാനമുള്ളവര്‍ക്ക് പതിനഞ്ചു ശതമാനം നികുതിയാണ് ചുമത്തിയിട്ടുള്ളത്. അന്‍പതു ലക്ഷം രൂപയ്ക്കു മേല്‍ വരുമാനമുള്ളവര്‍ക്കും നികുതിയുണ്ട്.അതേസമയം ദേശീയ പെന്ഷന് പദ്ധതിയെ നികുതിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
നൈപുണ്യ വികസനത്തിന് 1,700 കോടി രൂപ
പ്രധാനമ്രന്തി കൗശല്‍ വികാസ് യോജന വഴി യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും. 1700 കോടി ചെലവിട്ട് 1500 മള്‍ട്ടി സ്കില്‍ ട്രെയിനിംഗ് സെന്റുകള്‍ തുടങ്ങും.
ആധാറുംമെയ്ക്ക് ഇന്‍ ഇന്ത്യയും
സബ്സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ പാവപ്പെട്ടവര്‍ക്ക് മാത്രം ലഭ്യമാക്കാന്‍ ആധാര്‍ ഉപയോഗിക്കും. മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതി വന്‍വിജയമാക്കാന്‍ പല അടിസ്ഥാന വസ്തുക്കളുടയേും ഇറക്കുമതിത്തീരുവ കുറച്ചു. കമ്പ്യൂട്ടര്‍,മൂലധന വസ്തുക്കള്‍,പ്രതിരോധ ഉപകരണങ്ങള്‍,തുണി, രാസവസ്തുക്കള്‍, കടലാസ്. പത്രക്കടലാസ് എന്നിവയുടെ തീരുവയാണ് കുറച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: