ആരോഗ്യ മേഖലയില്‍ പരിരക്ഷയുടെ സുരക്ഷയുമായി കേന്ദ്ര സര്‍ക്കാര്‍. എല്ലാ വീട്ടുകാര്‍ക്കും ഒരുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയെന്നത് സ്വാതന്ത്ര്യലബ്ധിക്കു മുന്‍പോ പിന്‍പോ ഭാരതത്തില്‍ ഒരു സര്‍ക്കാരും സ്വപ്‌നം പോലും കണ്ടിട്ടില്ലാത്ത പദ്ധതിയാണ്. അമേരിക്കയില്‍ നടപ്പിലുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയെപ്പോലും അമ്പരപ്പിക്കും ജനസംഖ്യയില്‍ ലോകത്തു രണ്ടാം സ്ഥാനത്തുള്ള ഭാരതത്തിലെ മോദി പദ്ധതി.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുഴുവന്‍ കുടംബങ്ങള്‍ക്കും ഒരുലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിയ്‌ക്കും. 60 വയസുകഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇതിനു പുറമേ 30,000 രൂപയുടെ അധിക പരിരക്ഷയും ലഭിയ്‌ക്കും. രാജ്യത്ത് ചികിത്സയിനത്തിലാണ് കുടുംബങ്ങള്‍ക്ക് ഏറ്റവും ചെലവുണ്ടാകുന്നത്. ഈ പദ്ധതി അതുകൊണ്ടുതന്നെ വലിയ ആശ്വാസം നല്‍കുന്നതാകും.
രാജ്യമെമ്പാടുമായി ജനറിക് മരുന്നുകള്‍ വിതരണം ചെയ്യാന്‍ പ്രധാനമന്ത്രി ജന ഔഷധി യോജനയില്‍ പെടുത്തി 3,000 സ്‌റ്റോറുകള്‍ തുറക്കാന്‍ ബജറ്റില്‍ തീരുമാനമുണ്ട്. ഇവയിലധികവും ഗ്രാമീണ മേഖലയിലായിരിക്കും. വയോജനങ്ങള്‍ക്കു കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.
















