എം. കെ. രസ്ഗോത്രയും, പുസ്തകവും, ജിഗ്മെ ദോര്‍ജി
ന്യൂദല്‍ഹി: ഭൂട്ടാന് രാജകുടുംബം പതിവു വിട്ട് പരസ്യമായി പ്രതികരിച്ചു; കാരണം, ചരിത്രത്തില്‍ പിഴവുണ്ടാകരുതെന്ന നിര്‍ബന്ധം; മറ്റൊന്ന് ഭാരതവുമായുള്ള നല്ല ബന്ധം ഉലയാന്‍ പാടില്ല. അതുകൊണ്ടാണ്, രാജ കുടുംബത്തിലെ മുത്തശ്ശി ആഷി കേശാങ് വാങ്ചുക് പ്രതികരിച്ചത്.
മുന്‍ ഭാരത വിദേശകാര്യ സെക്രട്ടറി എം. കെ. രസ്ഗോത്രയുടെ ലൈഫ് ഇന്‍ ഡിപ്ലോമസി എന്ന ആത്മകഥയില്‍, ഭൂട്ടാന്റെ ചരിത്രത്തെക്കുറിച്ച് പരാമര്ശിക്കുന്നതില് ”പിഴവും വിദ്വേഷകര”വുമായ ഭാഗങ്ങളുണ്ടെന്നാണ് മുന്‍ രാജ്ഞിയുടെ പ്രതികരണം.
ഭൂട്ടാന് മുന്‍ പ്രധാനമന്ത്രി ജിഗ്മെ ദോര്‍ജി അരനൂറ്റാണ്ടുമുമ്പ് കൊല്ലപ്പെട്ടതും തുടര്‍ ചരിത്രവും പരാമര്‍ശിക്കുന്നതിലാണ് വിയോജിപ്പ്. ജിഗ്മെയെ തുടര്‍ന്ന് സഹോദരന് ലെഹ്ദൂപ് ദോര്‍ജിയാണ് അധികാരത്തില്‍ വന്നത്. ജിഗ്മെയുടെയും ലെഹ്ദൂപെയുടെയും സഹോദരിയും രാജാവ് ജിഗ്മെ വാങ്ചുക്കിന്റെ രാജ്ഞിയുമായിരുന്ന ആശി കേശാംഗിന് അന്നത്തെ ഭരണ തീരുമാനങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു.
ആത്മകഥയില്‍, രസ്ഗോത്ര, 1964-ല്‍ ജിഗ്മെ ദോര്‍ജി കൊല്ലപ്പെട്ട സംഭവം പറയുന്നു. അന്ന് രസ്ഗോത്രയിരുന്നു നേപ്പാള്‍, ഭൂട്ടാന് കാര്യങ്ങള്‍ നോക്കിയിരുന്നത്. ലെഹ്ദൂപ് ദോര്‍ജി ഒരു ദൂതനെ ദല്ഹിക്കയച്ചു. ജിഗ്മേ വാങ്ചൂക്ക് രാജാവിനെ പുറത്താക്കാന്‍ ഭാരതം സഹായിക്കുമോ. സഹോദരന് ജിഗ്മെ ദോര്‍ജിയെ കൊലപ്പെടുത്തയതിനു പിന്നില്‍ രാജാവുണ്ടെന്ന നിഗമനത്തിലായിരുന്നു ഇത്.
ദൂതന് തന്റെ വീട്ടിലാണ് താമസിച്ചതെന്നും തന്റെ പിന്തുണ കിട്ടുമെന്നായിരുന്നു പ്രതീക്ഷയെന്നും വിവരിക്കുന്ന് രസ്ഗോത്ര, താന്‍ അഭ്യര്‍ത്ഥന നിരസിച്ചെന്നും തുടര്‍ന്ന് ലെഹ്ദൂപ് ദോര്‍ജി ഈ നീക്കം പുറത്തറിയുമെന്ന് ഭയന്ന് നേപ്പാളിലേക്ക് പലായനം ചെയ്തുവെന്നും പറയുന്നു. 1970-ല്‍ പുതിയ രാജാവ് വന്നശേഷമാണ് മടങ്ങിയെത്തിയത്.
ഈ വിവരണങ്ങളെല്ലാം ഗുരുതരമായ ആരോപണങ്ങളാണെന്നും അവ തള്ളുന്നുവെന്നുമാണ് ആശി കേശാംഗ് വാങ്ചുക്കിന്റെ പ്രതികരണം. സഹോദരന് ജീവിച്ചിരിക്കാത്തതിനാല്‍ വിശദീകരിക്കേണ്ട ചുമതലയുണ്ടെന്ന് പറഞ്ഞുള്ള കത്തിലാണ് പ്രതികരണം. ”ഞങ്ങളുടെ സഹോദരന്, പ്രധാനമന്ത്രി ജിഗ്മെ ദോര്‍ജി, 1964-ല്‍ വെടിയേറ്റു മരിച്ച ഹൃദയ ഭേദകമായ, ദുരന്തകാലവും തുടര്‍ സംഭവങ്ങളും രസ്ഗോത്ര നിസ്സാര സംഭവം പോലെ വിവരിച്ചു,”വെന്ന് വാങ്ചുക്ക് വിമര്‍ശിച്ചു.
മുന്‍ റാണിയുടെ അനന്തരവന് ബെന്‍ജി ദോര്‍ജി കുറച്ചുകൂടി ശക്തമായാണ് പ്രതികരിച്ചത്. ”അവര്‍ക്ക് വളരെ വിഷമമുണ്ട്. എന്റെ അച്ഛനും (ജിഗ്മെ ദോര്‍ജി) അമ്മാവനും (ലെഹ്ദൂപ് ദോര്‍ജി) രാജകുടുംബത്തോടു പ്രകടിപ്പിച്ചിരുന്ന രാജഭക്തി ചോദ്യം ചെയ്ത് തങ്ങളെ വഞ്ചകരെന്നു വിളിക്കുന്നതു പോലെയായി ഈ പുസ്തകം എന്ന് ബെന്‍ജി പ്രതികരിച്ചു.
ഭൂട്ടാന് രാജകുടുംബത്തിനു വിഷമമുണ്ടായതില്‍ ഖേദമുണ്ടെങ്കിലും പരാമര്‍ശങ്ങള്‍ സത്യമാണെന്ന് രസ്ഗോത്ര പറഞ്ഞു.
പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ വിവാദമാകുന്നുവെന്നതിനപ്പുറം അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിലെ ഇടപെടലുകള്‍ ഭാവിയില്‍ പുതിയ ചര്‍ച്ചകള്‍ക്കു വഴിതുറന്നേക്കാം.
ഭാരത വിദേശകാര്യ മന്ത്രാലയം എന്തെങ്കിലും പ്രതികരിച്ചിട്ടില്ല. ഭൂട്ടാന് രാജകുടുംബം ഇതു സംബന്ധച്ച് ഒരു ആശയ വിനിമയവും നടത്തിയിട്ടില്ലെന്നും അധികൃതര്‍ അറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: