തിരുവനന്തപുരം: വിശ്വമാനവികതയുടെ മാതൃസ്ഥാനമായ ശിവഗിരി മറ്റൊരു ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാനുള്ള ഒരുക്കത്തില്‍. 15ന് ശ്രീനാരായണ ഗുരുദേവ സമാധിയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ശിവഗിരികുന്നുകള്‍. ഇതുനുമുമ്പ് 2013 ഏപ്രിലിലാണ് നരേന്ദ്രമോദി ശിവഗിരിസന്ദര്‍ശനം നടത്തിയത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രയായിട്ടാണ് എത്തിയതെങ്കില്‍ ചൊവ്വാഴ്ച ശിവഗിരി സന്ദര്‍ശിക്കുന്നത് പ്രധാനമന്ത്രി എന്നനിലയില്‍. ശാരദാ പ്രതിഷ്ഠയുടെ 101-ാം വാര്‍ഷികവും പരിഷത് ഗോള്‍ഡന്‍ ജൂബിലി ആഘോഷ സമാപനത്തിനുമായിരുന്നു മോദി അന്ന് ശിവഗിരിയില്‍ എത്തിയത്.
കൊല്ലത്ത് ആര്.ശങ്കര്‍പ്രതിമ അനാച്ഛാദനത്തിനുശേഷം ഹെലികോപ്റ്ററില്‍ വൈകീട്ട് നാലിന് വര്‍ക്കലയില്‍ എത്തുന്ന പ്രധാനമന്ത്രി അവിടെനിന്നും റോഡ്മാര്‍ഗമാണ് ശിവഗിരിയില്‍ എത്തിച്ചേരുന്നത്. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഭാരവാഹികള്‍ സ്വീകരിക്കും. ഗുരുദേവ സമാധിയിലെ പുഷ്പാര്‍ച്ചനയ്ക്കുശേഷം ദൈവദശകത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ശിലാഫലകം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. മഠം വളപ്പില്‍ വൃക്ഷതൈ നട്ടശേഷം ശാരദാമഠത്തില്‍ എത്തി പ്രാര്‍ത്ഥന നടത്തും. അവിടെ ഗുരുഭക്തരെ അഭിസംബോധന ചെയ്ത ശേഷമാണ് ശിവഗിരിയില്‍ നിന്നും മടങ്ങുക. 2013ല്‍ ശിവഗിരി സന്ദര്‍ശിച്ചപ്പോള്‍
പ്രധാനമന്ത്രി ആയതിനുശേഷം ആദ്യമായി സംസ്ഥാന തലസ്ഥാനത്ത് എത്തുന്ന നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ ബിജെപി ജില്ലാ നേതൃത്വവും ഒരുക്കങ്ങള്‍ നടത്തുന്നു.
തലസ്ഥാനത്ത് ഔദ്യാഗിക പരിപാടികള്‍ ഒന്നും ഇല്ലെങ്കിലും വര്‍ക്കലയില്‍ ഉത്സാവാന്തരിക്ഷം ഒരുക്കുകയാണ് ബിജെപി ജില്ലാ നേതൃത്വം. നരേന്ദ്രമോദിക്ക് സ്വാഗതമേകി കമാനങ്ങളും ബാനറുകളും പ്രദര്‍ശിപ്പിച്ചു തുടങ്ങി. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ശിവഗിരിയിലും പരിസരത്തും സുരക്ഷാ ക്രമികരണങ്ങള്‍ ശക്തമാക്കി.
ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഹെലിപ്പാടിലും അനുബന്ധ സ്ഥലങ്ങളിലും പരിശോധന നടത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കടന്നുപോകുന്ന റോഡുകള്‍ ടാര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്കി. തെരുവ് വിളക്കുകളും അധികമായി സ്ഥാപിക്കുന്നുണ്ട്. അരമണിക്കൂറാണ് മോദി ശിവഗിരിയില്‍ ചെലവഴിക്കുന്നത്. 4.50ന് അദ്ദേഹം ഹോലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് മടങ്ങും. ഇതിനിടയില്‍ തയ്യാറെടുപ്പുകളില്‍ വീഴ്ചവരുത്തിയതിന് വര്‍ക്കല മുനിസിപ്പാലിറ്റിയിലെ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജെ. അന്‍സാറിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതായി ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: