തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ തൃശൂര്‍ നഗരം ഒരുങ്ങി. നാളെ വൈകീട്ട് 5ന് നഗരത്തിലെത്തുന്ന പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ നാടെങ്ങും കുങ്കുമഹരിത പതാകകള്‍ നിറഞ്ഞു. സമീപകാല കേരള രാഷ്ട്രീയ ചരിത്രം കണ്ട ഏറ്റവും വലിയ മഹാസമ്മേളനങ്ങളിലൊന്നാകും നാളെ സാംസ്കാരിക നഗരിയില്‍ അരങ്ങേറുക.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചരണം ഇവിടെ തുടങ്ങും. മധ്യകേരളത്തിലെ നാല് ജില്ലകളില്‍ നിന്നായി മൂന്ന് ലക്ഷത്തോളം പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. എസ്പിജിയുടേയും കേരള പോലീസിന്റേയും ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടാണ് ഗ്രൗണ്ടിന്റേയും സ്റ്റേജിന്റേയും നിര്‍മാണം വിലയിരുത്തുന്നതും സുരക്ഷ ഉറപ്പുവരുത്തുന്നതും. ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരം അരങ്ങേറുന്ന വടക്കുന്നാഥ ക്ഷേത്രമൈതാനിയിലാണ് സമ്മേളനം.
മുപ്പതടി ഉയരത്തില്‍ തയ്യാറാക്കുന്ന കൂറ്റന്‍ വേദിയില്‍ കേരള ചുവര്‍ചിത്രകലയുടെ ഈട് വെപ്പുകളായ ചിത്രങ്ങള്‍ പശ്ചാത്തലമൊരുക്കും. കേരളത്തില്‍ സാമൂഹ്യ നവോത്ഥാനത്തിന് തുടക്കമിട്ട നവോത്ഥാന നായകരുടെ ചിത്രങ്ങള്‍ വേദിക്ക് അലങ്കാരമാകും. സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തെ അനുസ്മരിപ്പിക്കുന്ന ലോഗോയും വേദിയുടെ സവിശേഷതയാണ്.
പന്ത്രണ്ടടി ഉയരത്തിലുള്ള നരേന്ദ്രമോദിയുടെ ചിത്രവും നടരാജനൃത്തവും പശ്ചാത്തലത്തിലുണ്ട്. വടക്കുന്നാഥ ക്ഷേത്രഗോപുരത്തിന്റെ ചിത്രവും പശ്ചാത്തലമാണ്. പ്രശസ്ത കലാകാരനായ യാഗ ശ്രീകുമാറാണ് വേദിയുടെ രൂപകല്‍പ്പന നിര്‍വ്വഹിച്ചിട്ടുള്ളത്. ഒരാഴ്ചയിലേനീണ്ട തപസ്യയുടെ ഫലമായാണ് മനോഹരമായ വേദി തയ്യാറാക്കിയിട്ടുള്ളത്. യാഗാ ശ്രീകുമാറിനോടൊപ്പം കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള ഇരുപതോളം കലാകാരന്മാരും ഇതിനായി അക്ഷീണം യത്നിച്ചു.
സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍, ആദ്ധ്യാത്മിക ആചാര്യന്മാര്, പ്രൊഫഷണലുകള്‍, കലാ സാഹിത്യ പ്രതിഭകള്‍ എന്നിവരുള്‍പ്പടെ വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെപ്പേര്‍ മോദിയെ കാണാനും കേള്‍ക്കാനുമായി പൂരനഗരിയിലെത്തും.
അഞ്ചുമണി മുതല്‍ ആറുമണിവരെയാണ് പ്രധാനമന്ത്രി വേദിയില്‍ ചെലവഴിക്കുക. 4.55ന് കുട്ടനെല്ലൂര്‍ ഹെലിപ്പാഡില്‍ ഇറങ്ങുന്ന നരേന്ദ്രമോദി കാര്‍മാര്‍ഗം വേദിയിലെത്തും. 6 മണിക്ക് റോഡ് മാര്‍ഗം കൊച്ചിയിലേക്ക് തിരിക്കും. 15ന് കൊച്ചിയിലും കൊല്ലത്തുമാണ് നരേന്ദ്രമോദിക്ക് പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: