കോഴിക്കോട്: ഏഴഴകുകള്‍ ഒന്നിച്ചു ചേര്‍ന്ന് മഴവില്ലായപോലെ, ചെറിയ അരുവികള്‍ ചേര്‍ന്ന് പുഴയായി ഒഴുകി കടലില്‍ ചേരുന്ന പോലെ, അത്രയ്‌ക്ക് മനോഹരമായിരുന്നു ഘോഷയാത്ര. അന്‍പത്തിഅഞ്ചാമത് സംസ്ഥാന സ്‌കൂള്‍ ക ലോത്സവത്തിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി കോഴിക്കോട് നഗരത്തില്‍ നടന്ന സാംസ്‌കാരിക ഘോഷയാത്ര കാണാന്‍ എത്തിയവര്‍ക്കു മുന്നില്‍ തീര്‍ത്തത് വര്‍ണ്ണങ്ങളുടെയും കലകളുടെയും മറ്റൊരു ഘോഷയാത്ര.
മുത്തുക്കുടകളും താലപ്പൊലിയുമേന്തി മലയാളി മങ്കമാര്‍ ഘോഷയാത്രയ്‌ക്ക് മുമ്പില്‍ നീങ്ങി. പൂക്കളായി ചിലര്‍ മാറിയപ്പോള്‍ പൂമ്പാറ്റകളായി ചിലര്‍ ചിറകുവിരിച്ചു. കയ്യില്‍ കിട്ടിയ റിബ്ബണ്‍ മുതല്‍ ഗില്‍റ്റ് കടലാസ് വരെ ഉപയോഗിച്ച് വിവിധ രൂപങ്ങള്‍ കുട്ടികള്‍ അവതരിപ്പിച്ചു.
താലപ്പൊലിയും തിരുവാതിരക്കളിയും കൈകൊട്ടിക്കളിയും കോല്‍ക്കളിയും മാര്‍ഗ്ഗംകളിയും തെയ്യവും തിറയുമെല്ലാം കലാരൂപങ്ങളായി ഘോഷയാത്രയില്‍ അവതരിപ്പിക്കപ്പെട്ടു. കൈലാഷ് സത്യാര്‍ത്ഥിയും മലാലയും സാമൂതിരിയും കോലത്തിരിയും ഉണ്ണിയാര്‍ച്ചയും ത്സാന്‍സിറാണിയും മുതല്‍ പെഷവാറില്‍ പാക് താലിബാന്‍ നടത്തിയ കൂട്ടക്കുരുതി വരെ നിശ്ചലദൃശ്യങ്ങളായി.
ചെണ്ടമേളം ഒരു ഭാഗത്ത് കൊട്ടിക്കയറിയപ്പോള്‍, ബാന്റ്‌മേളമായിരുന്നു മറ്റൊരുഭാഗത്ത്.
ഘോഷയാത്ര കാണാന്‍ നഗരവീഥികളുടെ ഇരുവശവും ജനം തിങ്ങിക്കൂടിയിരുന്നു. മൂന്ന് കിലോമീറ്ററോളം ദൂരം രണ്ടു മണിക്കൂര്‍ കൊണ്ടാണ് ഘോഷയാത്ര കടന്നു പോയത്.
കോഴിക്കോട് കടപ്പുറത്തെ മറൈന്‍ ഗ്രൗണ്ടില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ സിറ്റി പരിധിയിലെ വിവിധ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, സ്മാര്‍ട്ട് ബ്രിഗേഡ്, ഫെസ്റ്റ് ഫോഴ്‌സ്, അദ്ധ്യാപകര്‍, വിവിധ സാംസ്‌കാരിക സംഘടനകള്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ അണിനിരന്നു.
ഉത്തരമേഖല എഡിജിപി എന്‍. ശങ്കര്‍റെഡ്ഡിയാണ് ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. മന്ത്രിമാരായ പി.കെ. അബ്ദുറബ്ബ്, ഡോ. എം.കെ. മുനീര്‍, എം.കെ. രാഘവന്‍ എംപി, എംഎല്‍എമാരായ ഇ.കെ. വിജയന്‍, എ.കെ. ശശീന്ദ്രന്‍, പുരുഷന്‍ കടലുണ്ടി, മേയര്‍ എ.കെ. പ്രേമജം, സംഘാടകസമിതി ഭാരവാഹികള്‍, വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി.
















