ഹയര്‍ സെക്കണ്ടറി വിഭാഗം മാര്‍ഗ്ഗംകളിയില്‍ എ ഗ്രേഡ് നേടിയ കണ്ണൂര്‍
അഞ്ചരക്കണ്ടി എച്ച്എസ്എസിലെ അഷിതയും സംഘവും
സാമൂതിരി സ്‌ക്കൂളിലെ രണ്ടാം വേദിയായ കാംബോജിയില്‍ നടന്ന ഹൈസ്‌ക്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ കേരളനടനം അക്ഷരാര്‍ത്ഥത്തില്‍ വേദിയെ ആനന്ദലഹരിയിലാക്കി. ഇന്നലെ വിരളമായ സദസ്സില്‍ ആരംഭിച്ച കേരളനടനത്തില്‍ മൊത്തം പതിനെട്ടോളം മത്സരാര്‍ത്ഥികളാണ് ചിലങ്കയണിഞ്ഞത്.
ആണ്‍കുട്ടികള്‍ മികച്ച പ്രകടനമാണ് കാഴ്‌ച്ച വെച്ചതെങ്കിലും പ്രേക്ഷകര്‍ തീരെ കുറഞ്ഞ സദസ്സ് ഉച്ചവരെ ഈ കലാമത്സരത്തിന്റെ നിറം കെടുത്തി. എന്നാല്‍ പിന്നീട് തിരക്കിലേക്കുയര്‍ന്നു.
തുടക്കത്തില്‍ വേദിയുടെ മുന്‍നിരയില്‍ അപൂര്‍വ്വം കാഴ്‌ച്ചക്കാര്‍ മാത്രമാണ് കേരളനടനം കാണാനെത്തിയതെങ്കില്‍ വൈകീട്ട് സദസ്സ് നിറഞ്ഞു. ഒഴിഞ്ഞ് കിടന്ന കസേരകള്‍ നിറഞ്ഞതോടെ മത്സരം ആനന്ദമയമായി. സ്ത്രീകളും പെണ്‍കുട്ടികളുമായിരുന്നു കാഴ്‌ച്ചക്കാരില്‍ ഏറെയും. പോലീസും, എന്‍സിസി വളണ്ടിയര്‍മാരും ഏറെ കൃത്യതയോടെ ജോലിയില്‍ മുഴുകിയതും രണ്ടാംവേദിയെ അടുക്കും ചിട്ടയുമുള്ളതാക്കി.
കേരളനടനത്തിന് ശേഷം ഇവിടെ നടന്നത് ഹൈസ്‌ക്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മാര്‍ഗ്ഗം കളിയാണ്. മാര്‍ഗ്ഗംകളി തുടങ്ങിയതോടെ രണ്ടാം വേദി തിരക്കിലമര്‍ന്നു. താളത്തിനും ചുവടിനുമൊപ്പം തിങ്ങിയ സദസ്സും മാര്‍ഗ്ഗംകളിയ്‌ക്ക് മാറ്റ് കൂട്ടി. കേരളനടനത്തിലും മാര്‍ഗ്ഗംകളിയിലും കുട്ടികള്‍ നടത്തിയത് ഗംഭീരപ്രകടനം ആയിരുന്നെന്ന് വിധികര്‍ത്താക്കള്‍ തന്നെ അഭിപ്രായപ്പെട്ടു.
















