ഒച്ചയും അനക്കവും ഇല്ലാതിരുന്ന സാമൂതിരി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ തിരുവാതിരക്കളി തുടങ്ങിയതോടെ കാണികള്‍ നിറഞ്ഞു. ഇന്നലെ ഞായറാഴ്‌ച്ച ആയിട്ട് പോലും വേദി രണ്ടില്‍ ഉച്ചവരെ ആളനക്കം ഉണ്ടായിരുന്നില്ല.
രാവിലെ ഭരതനാട്യ മത്സരം നടക്കുമ്പോള്‍ രണ്ടാം വേദി ഏറെക്കുറെ ശൂന്യമായിരുന്നു. എന്നാല്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഹൈസ്‌ക്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ തിരുവാതിരക്കളി ആരംഭിച്ചതും എവിടെ നിന്നൊക്കെയോ ആളുകള്‍ തിങ്ങി നിറഞ്ഞു. സദസ്സില്‍ സ്ത്രീകളും പെണ്‍കുട്ടികളും പുരുഷന്‍മാരുമായി രണ്ടാം വേദി പെട്ടെന്നാണ് വന്‍ തിരക്കിലേക്ക് മാറിയത്.
പ്രായംചെന്ന നിരവധി വിധികര്‍ത്താക്കളും മത്സരം ആസ്വദിക്കാനായി എത്തിയിരുന്നു. തിരുവാതിരക്കളി പുരോഗമിക്കുന്തോറും രണ്ടാം വേദിയിലെ സദസ്സ് ജനനിബിഡമായി. ഓരോ മത്സരം അവസാനിക്കുമ്പോഴും വന്‍ കയ്യടിയായിരുന്നു. രാത്രിയായതോടെ രണ്ടാം വേദി അക്ഷരാര്‍ത്ഥത്തില്‍ പൊടിയിലമര്‍ന്നു.
മത്സരിച്ച ടീമുകളുടെ ഫോട്ടോയെടുപ്പും മറ്റ് മത്സരങ്ങള്‍ കാണുമ്പോഴുള്ള ആകാംക്ഷയും പിന്നെ ഓരോ ഗ്രൂപ്പിനും താല്‍പ്പര്യമുള്ള ടീമുകള്‍ക്കുള്ള പ്രത്യേക കയ്യടിയും..അങ്ങനെ തിരുവാതിരക്കളി മത്സരം സദസ്സ് ആഘോഷിക്കുന്ന കാഴ്‌ച്ചയാണ് ഇന്നലെ കണ്ടത്.
















