അവതരണം, പ്രമേയം എന്നിവയില്‍ നാടക പ്രേമികളെ കടുത്ത നിരാശയിലാക്കി ഹയര്‍സെക്കന്ററി വിഭാഗം നാടകമത്സരം. നിറഞ്ഞസദസ്സില്‍ നാടകത്തെ ഗൗരവമായി കാണുന്ന കാണികള്‍ അടുത്തതിലെങ്കിലും നാടകമുണ്ടാവുമെന്ന് കരുതി കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഹൈസ്‌കൂള്‍ വിഭാഗം നാടകങ്ങളുടെ അടുത്തെങ്ങുമെത്താന്‍ കഴിയാത്തതായി ഇന്നലെ രാപകല്‍ നടന്ന മത്സരം.
സംവിധായകനില്‍ നിന്ന് വഴിമാറി നടക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളെ തളച്ചിടുന്ന തരത്തിലായിരുന്നു അവതരണങ്ങള്‍.
ശരീരഭാഷയില്‍ നിന്നകന്ന് അട്ടഹാസങ്ങളും അലര്‍ച്ചകളും മുദ്രാവാക്യസമാനമായ സംഭാഷണ ശകലങ്ങളും രംഗത്ത് നിറഞ്ഞു.തെരുവ് ചുംബനം, പരിസ്ഥിതി നാശം, ഓപ്പറേഷന്‍ കുബേര, മാവോയിസ്റ്റ് വേട്ട തുടങ്ങിയ പ്രമേയങ്ങള്‍ അവതരിപ്പിക്കാനുള്ള വെമ്പലില്‍ നാടകം അപ്രത്യക്ഷമായി. മലപ്പുറം കുളത്തൂര്‍ എന്‍എച്ച്എസ്എസ് അവതരിപ്പിച്ച സമയക്കാഴ്ച, നെയ്യാറ്റിന്‍കര ബോയ്‌സ് എച്ച്എസ്എസ് അവതരിപ്പിച്ച വേതാളം പറയാത്ത കഥ, കിടങ്ങൂര്‍ ജിവിജിഎച്ച്എസ്എസ് അവതരിപ്പിച്ച മാവോയിസ്റ്റ് തുടങ്ങിയവയാണ് ഇന്നലെ അവതരിപ്പിച്ച പ്രധാന നാടകങ്ങള്‍. സിതാര എസിന്റെ മണ്ണ് എന്ന കഥയെ പ്രമേയമാക്കി കരുപടന്ന ജിഎച്ച്എസ്എസ് അവതരിപ്പിച്ച ബദിയടുക്ക പ്രമേയംകൊണ്ട് വ്യത്യസ്തത പുലര്‍ത്തി.
ഗ്രാമങ്ങളെ കീഴടക്കുന്ന നഗരവും യഥാര്‍ത്ഥ കാഴ്ചകളെ മറച്ചുകൊണ്ട് ചാനല്‍സംഘങ്ങള്‍ ജീവിതത്തെ അട്ടിമറിക്കുന്നതും ആയിരുന്നു ഇതിലെ പ്രമേയം. മഞ്ജുളന്‍ ആണ് നാടകം ഒരുക്കിയത്.
അപ്പീലുകളുടെ പ്രളയം ഇന്ന് നടന്ന മത്സരത്തിന്റെ മറ്റൊരു സവിശേഷതയായി. 38 നാടകങ്ങളാണ് മത്സരത്തിനെത്തിയത്. ഇന്നലെ രാവിലെ ആരംഭിച്ച നാടകം ഇന്ന് ഉച്ചവരെ നീളുമെന്ന അവസ്ഥയിലാണ്.
















