സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തുടര്‍ച്ചയായ 15-ാം വര്‍ഷവും ബാലന് എകരൂല്‍ എത്തി. ഓട്ടന്തുള്ളല് മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ ഒരുക്കുന്നതിനാണ് ബാലന് എത്തിയത്. പ്രമുഖ ഓട്ടന്തുള്ളല് കലാകാരന് പ്രഭാകരന് പുന്നശ്ശേരിയുടെ സഹായിയായാണ് ബാലന് കലോത്സവ നഗരിയില്‍ എത്തുന്നത്. 16 വര്‍ഷത്തോളമായി പ്രഭാകരന് പുന്നശ്ശേരിക്കൊപ്പം ചേര്‍ന്നിട്ട്. കലോത്സവത്തിന് വസ്ത്രങ്ങളൊരുക്കാന്‍ തുടങ്ങിയിട്ട് പതിനഞ്ചുവര്‍ഷവും.
ഓട്ടന്തുള്ളലിനുള്ള കച്ച തയ്യാറാക്കലാണ് പ്രധാനപണി. പത്തിരിപ്പൊടി പശരൂപത്തിലാക്കി കച്ച അതില്‍ മുക്കിവെച്ച് ഉണക്കിയെടുക്കും. കലോത്സവേദിയില് എത്തിയശേഷമാണ് കച്ച ഞൊറിയുക. ഒരു കച്ച ഞൊറിഞ്ഞെടുക്കാന് അരമണിക്കൂറിലധികം സമയം വേണം. പതിനൊന്ന് കഷ്ണം തുണി ഉപയോഗിച്ചാണ് കച്ച ഞൊറിയുക.
ഓരോന്നിനും ഏഴു മീറ്റര്‍ നീളം വരും. ഇത്തവണ ഒരു പ്രത്യേകതയുമായാണ് ബാലേട്ടന്റെ വരവ്. മത്സരാര്‍ഥികള്‍ക്കുള്ള കോപ്പുകള്‍ ഇത്തവണ ബാലേട്ടന് തന്നെ നിര്‍മ്മിച്ചതാണ്. ഒറ്റനാക്ക്, മാര്‍ചട്ട, കൊരലാരം, തോള്‍പൂട്ട് തുടങ്ങിയവയാണ് നിര്‍മ്മിച്ചിരിക്കുന്നത്. വെല്‍വറ്റ് തുണി, റക്സിന്, കളര്നൂല്, ഗ്ലാസ്സ് കഷ്ണങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് കോപ്പുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഒരു സെറ്റ് കോപ്പ് തയ്യാറാക്കാന്‍ മൂന്ന് ദിവസം വേണ്ടി വന്നെന്ന് ബാലന് പറയുന്നു. ഭാര്യ ദേവകിയും മകന് ബബിഷാദും ബാലന് കൂട്ടായുണ്ട്.
കലോത്സവങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണത്തിലുളള വര്‍ദ്ധനവ് ബാലന്റെ പ്രവര്‍ത്തനങ്ങളുടെയും വേഗം കൂട്ടുന്നുണ്ട്. പറഞ്ഞു തീരുംമുമ്പ് ടൗണ്‍ഹാള്‍ പരിസരത്തെ മരക്കൊമ്പില്കെട്ടിയ കയറില്‍ പുതിയ കച്ചഞൊറിയാന് തുടങ്ങിയിരുന്നു ബാലന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: