സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീലോ ഹയര്‍ അപ്പീലോ വകവെക്കാതെ കലാപരിപാടികള്‍ മാത്രം ആസ്വദിച്ച കാണികള്‍ക്ക് പൂര്‍ണ്ണ സംതൃപ്തി. ഉദ്ഘാടന ദിവസമായ 15ന് ഒന്നാം വേദിയില്‍ മോഹിനിയാട്ടത്തോടെ തുടങ്ങിയ കലാപരിപാടികള്‍ കഴിഞ്ഞ ആറ് ദിവസങ്ങളായി അരങ്ങ് തകര്‍ക്കുകയാണ്. പതിനെട്ട് സ്റ്റേജുകളിലായി 235 ഓളം ഇനങ്ങളില്‍ പന്ത്രണ്ടായിരത്തോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത കലാ പ്രകടനങ്ങള്‍ കാണികള്‍ക്ക് വൈവിധ്യമായ അനുഭവങ്ങളാണ് സമ്മാനിച്ചത്.
താല്‍പ്പര്യത്തിനനുസരിച്ച് കൃത്യമായി തന്നെ കാണികള്‍ അതത് വേദികളിലെ സദസ്യരുമായി. ഭരതനാട്യം, മോഹിനിയാട്ടം, ഒപ്പന, കുച്ചുപ്പുടി, മിമിക്രി എന്നിവ ആസ്വദിക്കാന്‍ കുടുംബസമേതമാണ് മിക്കവരുമെത്തിയത്. പുല്ലാങ്കുഴല്‍, കഥകളി സംഗീതം, അക്ഷരശ്ലോകം, എന്നിവക്കടക്കം ഭേദപ്പെട്ട സദസ്സായിരുന്നു. മത്സരങ്ങള്‍ അപ്പീലിന്റെയും ഹയര്‍ അപ്പീലിന്റെയും പേരില്‍ അര്‍ദ്ധരാത്രിയും പിന്നിടുമ്പോള്‍ സംഘാടകര്‍ എരിപിരി കൊള്ളുകയായിരുന്നു. എന്നാല്‍ കാണികളാകട്ടെ രാത്രിയെ മറന്ന് കലാസ്വാദനത്തിലലിയുകയും.
















