ഹയര്‍ സെക്കന്ററി വിഭാഗം മത്സരാര്‍ത്ഥികള്‍ക്ക് കലോത്സവത്തില്‍ യക്ഷഗാനം അവതരിപ്പിക്കാനുള്ള അയിത്തം ഇന്നും തുടരുകയാണ്. ഹൈസ്കൂള്‍ വിഭാഗത്തിന് യക്ഷഗാനം മത്,രയിനമാണെങ്കിലും ഹയര്‍സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികള്‍ ഇന്നും തിരസ്കരിക്കപ്പെടുകയാണ്. കലോത്സവ മാനുവല്‍ പരിഷ്കരിച്ച് യക്ഷഗാനത്തിന് ഹയര്‍ സെക്കന്ററിയെ കൂടി പരിഗണിക്കാന്‍ പരക്കെ ആവശ്യമുയര്‍ന്നിട്ട് കാലങ്ങളായി. ഈ കലോത്സവ വേദിയും അത്തരം ചിന്തകളും ആവശ്യങ്ങളും കലാസ്നേഹികള്‍ പങ്കുവെച്ചു.
പത്തു വര്‍ഷം മുമ്പ് ഒരു മത്സരം മാത്രം ഉണ്ടായിരുന്ന യക്ഷഗാനത്തിന് ഈ കലോത്സവത്തില്‍ അപ്പീലില്‍ വന്നതടക്കം 17 ടീമാണ് മത്സരിക്കാന്‍ ഉണ്ടായിരുന്നത്. അത് തന്നെ യക്ഷഗാനം എന്ന കലയ്ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമല്ലേയെന്ന് ഗുരുക്കന്മാരും അദ്ധ്യാപകരും കുട്ടികളും ഒരേ സ്വരത്തില്‍ ചോദിക്കുന്നു. കേരളത്തിന്റെ ക്ഷേത്രകലകൂടിയായ യക്ഷഗാനത്തിന് ഇനിയും ഹയര്‍ സെക്കന്ററി വിഭാഗത്തിലേക്ക് മത്സരിക്കാന്‍ അനുവാദം കിട്ടാത്തത് മിക്ക മത്സരാര്‍ത്ഥികളെയും സങ്കടത്തിലാക്കുന്നു. ഹൈസ്കൂളില്‍ മത്സരിച്ച് പിന്നീട് ഹയര്‍ സെക്കന്ററിയില്‍ എത്തുമ്പോള്‍ മത്സരിക്കാകന് കഴിയാതെ പോകുന്നത് വിഷമകരമാണെന്നും കുട്ടികള്‍ മനസ്സ് തുറന്നു പറഞ്ഞു.
മലപ്പുറം ജിഎംഎച്ച്എസ്എസിലെ കുട്ടികള്‍ വിഷയത്തെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയത് അഞ്ഞൂറില്‍പ്പരം വിദ്യാര്‍ത്ഥികളുടെ ഒപ്പ് ശേഖരിച്ച് നിവേദനം സമര്‍പ്പിച്ചുകൊണ്ടാണ്. മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും സമര്‍പ്പിച്ച നിവേദനം ഇന്നും അവഗണിക്കപ്പെട്ടു കിടക്കുന്നത് വിദ്യാര്‍ത്ഥികളെ വേദനിപ്പിക്കുന്നു. കലോത്സവം കഴിഞ്ഞാലുടന്‍ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് യക്ഷഗാനം ഹയര്‍ സെക്കന്റരി വിഭാഗത്തിന് അനുവദിച്ച് കിട്ടാനായി വീണ്ടും നിവേദനം സമര്‍പ്പിക്കാനൊരുങ്ങുകയാണ് ഇവിടത്തെ കുട്ടികള്‍.
രണ്ട് സംസ്ഥാന കലോത്സവത്തില്‍ തുടര്‍ച്ചയായി എ-ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികള്‍ എന്ത് ത്യാഗം സഹിച്ചും യക്ഷഗാനം ഹയര്സെക്കന്ററിക്ക് അനുവദിച്ചുകിട്ടണമെന്ന് ആഗ്രഹിക്കുന്നു. ദിവസങ്ങള്‍ നീണ്ട പരിശ്രമത്തില്‍ പഠിക്കുന്ന ഈ പരമ്പരാഗത കലയെ അവതരിപ്പിക്കുന്നതില്‍ നിന്നും ഒരു വിഭാഗത്തെ മാറ്റി നിര്‍ത്തുന്നത് ഇനിയും അനുവദിക്കാന്‍ കഴിയില്ലെന്ന് കുട്ടികള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: