നെല്‍സണ്‍: ലോകകപ്പ് ഏകദിന ക്രിക്കറ്റില്‍ വമ്പന്‍ അട്ടിമറി. ഇന്നലെ നടന്ന പൂള് ബിയിലെ പോരാട്ടത്തില്‍ അയര്‍ലന്റാണ് വമ്പന്‍ അട്ടിമറി നടത്തിയത്. കടപുഴിയത് ഒരുകാലത്ത് ക്രിക്കറ്റിലെ മുടിചൂടാമന്നന്മാരായ വെസ്റ്റിന്‍ഡീസും. നാല് വിക്കറ്റിനായിരുന്നു ക്രിക്കറ്റിലെ ഇത്തിരിക്കുഞ്ഞന്മാരായ അയര്‍ലന്റ് ഇന്നലെ വിന്‍ഡീസ് പോരാളികളെ കെട്ടുകെട്ടിച്ചത്. തുടക്കത്തില്‍ വിന്‍ഡീസിന്റെ മുന്‍നിരയെ വരച്ച വരയില്‍ നിര്‍ത്തിയ അയര്‍ലന്റ ബാറ്റിങ്ങില്‍ കരീബിയന്‍ പേസിനെ ലാഘവത്തോടെ തന്നെ നേരിട്ട് തികച്ചും ആധികാരികമായാണ് വിജയം കുറിച്ചത്.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്റ് 4.1 ഓവര്‍ ബാക്കിനില്‍ക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സെടുത്താണ് വിജയം കൈപ്പിടിയിലൊതുക്കിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ അയര്‍ലന്റ് മൂന്നാം തവണയാണ് ക്രിക്കറ്റിലെ വമ്പന്മാരെ മുട്ടുകുത്തിക്കുന്നത്. 2007-ല്‍ പാക്കിസ്ഥാനും 2011-ല്‍ ഇംഗ്ലണ്ടുമാണ് അയര്‍ലന്റ് കുഞ്ഞന്മാര്ക്ക് മുന്നില്‍ തകര്‍ന്നത്. ഈ രണ്ട് കളികളിലും മൂന്ന് വിക്കറ്റിനായിരുന്നു അയര്‍ലന്റ് വിജയം നേടിയത്. അയര്‍ലന്റിന്റെ പോള്‍ സ്റ്റിര്‍ലിംഗാണ് മാന്‍ ഓഫ് ദി മാച്ച്.
നേരത്തെ ടോസ് നേടിയ അയര്‍ലന്റ് ക്യാപ്റ്റന്‍ പോര്‍ട്ടര്‍ഫീല്‍ഡ് വിന്‍ഡീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിച്ച് അയര്‍ലന്റ് ബൗളര്‍മാര്‍ തുടക്കം മുതല്‍ ആഞ്ഞടിച്ചതോടെ വിന്‍ഡീസ് ഒരുഘട്ടത്തില്‍ 87ന് അഞ്ച് എന്ന നിലയിലേക്ക് കൂപ്പുകുത്തി. സ്മിത്ത് (18), ഡാരന്‍ ബ്രാവോ (0), ക്രിസ് ഗെയില്‍ (36), സാമുവല്‍സ് (21), രാംദിന് (1) എന്നിവരാണ് അതിവേഗം മടങ്ങിയത്. ഇതില്‍ ഗെയിലിനെയും മര്‍ലോണ്‍ സാമുവല്‍സിനെയും രാംദിനെയും ഇടംകയ്യന്‍ സ്പിന്നര്‍ ഡോക്ക്റെല്‍ മടക്കിയപ്പോള്‍ സ്മിത്തിനെ കെവിന് ഒബ്രിയാനും പുറത്താക്കി.ഡാരന്‍ ബ്രാവോ റണ്ണൗട്ടായാണ് ക്രീസ് വിട്ടത്.
ഒരുവേള അഞ്ചിന് 87 എന്ന നിലയില്‍ വിളറിനിന്ന വിന്‍ഡീസിനെ പിന്നീട് ലിന്‍ഡല്‍ സിമ്മണ്‍സിന്റെയും (84 പന്തില്‍ 102) ഡാരന്‍ സമ്മിയുടെയും (67 പന്തില്‍ 89) റെക്കോഡ് കൂട്ടുകെട്ടാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 154 റണ്‍സാണ് അടിച്ചുകൂട്ടിയത്. ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണിത്. സിമ്മണ്‍സിന്റെ രണ്ടാം ഏകദിന സെഞ്ച്വറിയായിരുന്നു ഇത്.
അതുപോലെ ലോകകപ്പിന്റെ ചരിത്രത്തില്‍ ഏഴാമന് നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ് സമി നേടിയ 89 റണ്‍സ്. 1983ല്‍ പാക്കിസ്ഥാന്റെ ഹാഹിദ് മെഹ്ബൂബ് ശ്രീലങ്കക്കെതിരെ നേടിയ 77 റണ്‍സിന്റെ റെക്കോഡാണ് സമ്മി ഭേദിച്ചത്. പിന്നീട് അവസാന ഓവറുകളില്‍ 13 പന്തില്‍ നിന്ന് പുറത്താകാതെ 29 റണ്‍സ് നേടിയ ആന്ദ്രെ റസ്സലും മികച്ച പ്രകടനം നടത്തിയതോടെ വിന്‍ഡീസ് സ്കോര്‍ 50 ഓവറില്‍ 304 റണ്‍സിലെത്തി. അയര്‍ലന്റിന് വേണ്ടി ഡോക്ക്റെല്‍ 10 ഓവറില്‍ 50 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
വിന്‍ഡീസ് പടുത്തുയര്‍ത്തിയ 305 റണ്‍സിന്റെ വിജയലക്ഷ്യത്തിന് മുന്നില്‍ അയര്‍ലന്റ് തകര്‍ന്നടിയുമെന്ന് കരുതിയവരെ അത്ഭുതസ്തബ്ധരാക്കുന്ന പ്രകടനമാണ് പിന്നീട് ക്രീസില്‍ കണ്ടത്. ഒന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ പോര്‍ട്ടര്‍ഫീല്‍ഡും സ്റ്റിര്‍ലിംഗും ചേര്‍ന്ന് 13.3 ഓവറില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഗെയ്ലിന്റെ പന്തില്‍ 23 റണ്‍സെടുത്ത പോര്‍ട്ടര്‍ഫീല്‍ഡിനെ രാംദിന് കയ്യിലൊതുക്കിയപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ സ്റ്റിര്‍ലിംഗിനൊപ്പം ജോയ്സ് ഒത്തുചേര്‍ന്നതോടെ വിന്‍ഡീസ് ബൗളര്‍മാര്‍ നിസ്സഹായരായി. വിന്‍ഡീസ് ബൗളര്‍മാരെ നിലംപരിശാക്കിയ ഇരുവരും ചേര്‍ന്ന് 14.2 ഓവറില്‍ രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 106 റണ്‍സ്.
ഒടുവില്‍ അര്‍ഹതപ്പെട്ട സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന സ്റ്റിര്‍ലിംഗിനെ സാമുവല്‍സിന്റെ പന്തില്‍ രാംദിന് പിടികൂടിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 84 പന്തില്‍ നിന്ന് 9 ഫോറും മൂന്ന് സിക്സറുമുള്‍പ്പെട്ടതായിരുന്നു സ്റ്റിര്‍ലിംഗിന്റെ ഇന്നിംഗ്സ്. തുടര്‍ന്നെത്തിയ നിയാല്‍ ഒബ്രിയാന് ജോയ്സിന് മികച്ച പിന്തുണ നല്കി. ഇരുവരും ചേര്‍ന്ന് 39.2 ഓവറില്‍ സ്കോര്‍ 273-ല്‍ എത്തിച്ചു. എന്നാല്‍ 67 പന്തില്‍ നിന്ന് 10 ഫോറും രണ്ട് സിക്സറുമടക്കം 84 റണ്‍സെടുത്ത ജോയ്സിനെ ടെയ്ലര് ബ്രാവോയുടെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു.
പിന്നീട് 18 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടെങ്കിലും വിജയം പിടിച്ചെടുക്കാന്‍ വിന്‍ഡീസിന് കഴിഞ്ഞില്ല. ടെയ്ലര് എറിഞ്ഞ 46-ാം ഓവറിലെ അഞ്ചാം പന്ത് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ അതിര്‍ത്തിയിലേയ്ക്ക് പായിച്ച് ജോണ്‍ മൂണി ചരിത്രവിജയം സമ്മാനിക്കുകയും ചെയ്തു. വിന്‍ഡീസിന് വേണ്ടി ടെയ്ലര് മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും 8.5 ഓവറില്‍ 71 റണ്‍സാണ് വിട്ടുകൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: