ഡുനെഡിന്‍: ലോകകപ്പ് ക്രിക്കറ്റില്‍ രണ്ടാം വിജയം ലക്ഷ്യമിട്ട് ന്യൂസിലാന്റ് ഇന്ന് ഇറങ്ങുന്നു. ദുര്‍ബലരായ സ്‌കോട്ട്‌ലന്റാണ് കിവീസിന്റെ എതിരാളികള്‍. പൂള്‍ എയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 98 റണ്‍സിന് തകര്‍ത്തുതരിപ്പണമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് കിവികള്‍ ഇന്ന് രണ്ടാം അങ്കത്തിനിറങ്ങുന്നത്.ശ്രീലങ്കക്കെതിരായ കൡയില്‍ മുന്‍നിര ബാറ്റ്‌സ്മാരെല്ലാം മികച്ച ഫോമിലായിരുന്നു. ഒപ്പം സൗത്തിയും ട്രെന്റ് ബൗള്‍ട്ടും നയിക്കുന്ന ബൗളര്‍മാരും.
അതേസമയം സ്‌കോട്ട്‌ലന്റിന്റെ ലക്ഷ്യം ആദ്യ മത്സരത്തില്‍ തന്നെ വന്‍ അട്ടിമറിയാണ്. ഇന്നലെ വിന്‍ഡീസിനെ അയര്‍ലന്റ് അട്ടിമറിച്ചതും സ്‌കോട്ട്‌ലന്റിന്റെ സ്വപ്‌നങ്ങള്‍ക്ക് നിറംപകരുന്നു. ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ അയര്‍ലന്റിനെതിരെ നേടിയ ഗംഭീര വിജയവും സ്‌കോട്ട്‌ലന്റ് താരങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
179 റണ്‍സിനായിരുന്നു ഈ മത്സരത്തില്‍ സ്‌കോട്ട്‌ലന്റിന്റെ വിജയം. ഈ മത്സരത്തില്‍ സെഞ്ചുറി നേടിയ മാറ്റ് മക്കാനും അര്‍ദ്ധസെഞ്ചുറി നേടിയ പ്രസ്റ്റണ്‍ മോംസെനും റിച്ചി ബെറിംഗ്ടണുമടങ്ങുന്ന ബാറ്റിംഗ് നിരയാണ് അവരുടെ കരുത്ത്.
















