വെല്ലിംഗ്ടണ്‍: തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ന്യൂസിലാന്റും ആദ്യ മത്സരത്തിലേറ്റ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ഇംഗ്ലണ്ടും ഇന്ന് നേര്‍ക്കുനേര്‍. പൂള് എയിലാണ് ഇന്നത്തെ സൂപ്പര്‍പോരാട്ടം അരങ്ങേറുന്നത്. ഇന്ത്യന്‍ സമയം രാവിലെ 6.30ന് മത്സരം ആരംഭിക്കും.
ഫെബ്രുവരി 14ന് നടന്ന ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ 111 റണ്‍സിന്റെ കനത്ത പരാജയമാണ് ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്.
ബാറ്റിംഗിലും ബൗളിംഗിലും അമ്പേ പരാജയപ്പെട്ടതാണ് അവര്‍ക്ക് തിരിച്ചടിയായത്. ഈ മത്സരത്തില്‍ 98 റണ്‍സുമായി പുറത്താകാതെ നിന്ന ജെയിംസ് ടെയ്ലര് മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഓപ്പണര്‍ മോയിന്‍ അലിയും ബല്ലാന്‍സും ജോ റൂട്ടും ഇയോണ്‍ മോര്‍ഗനും ബട്ട്ലറും ഉള്‍പ്പെടെയുള്ള ബാറ്റ്സ്മാന്മാരുടെ നിരുത്തരവാദപരമായ ബാറ്റിംഗാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിലെ ദയനീയ തോല്‍ക്ക് കാരണമായത്.
ഇന്ന് മുന്‍നിര ബാറ്റ്സ്മാന്മാര് അവസരത്തിനൊത്തുയര്‍ന്നില്ലെങ്കിലും ഇംഗ്ലണ്ടിന്റെ കാര്യം കഷ്ടത്തിലാകുമെന്ന് ഉറപ്പാണ്. ഓസ്ട്രേലിയക്കെതിരെ സ്റ്റീവന്‍ ഫിന് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും 71 റണ്‍സാണ് വിട്ടുനല്‍കിയത്. മാത്രമല്ല ജെയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട്ട് ബ്രോഡും ഉള്‍പ്പെടെയുള്ള പേസ് ബൗളര്‍മാരും ശരാശരിയിലും താഴ്ന്ന പ്രകടനമാണ് നടത്തിയത്. ഈ കുറവുകളെല്ലാം പരിഹരിച്ച് ഇറങ്ങിയെങ്കില്‍ മാത്രമേ ഇന്നത്തെ നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിന് വിജയം നേടാന്‍ കഴിയൂ.
അതേസമയം തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്രണ്ടന്‍ മക്കല്ലം നയിക്കുന്ന ന്യൂസിലാന്റ് ഇന്ന് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തരിപ്പണമാക്കിയെങ്കിലും രണ്ടാം കളിയില്‍ സ്കോട്ട്ലന്റിനെതിരെ കഷ്ടിച്ചാണ് കിവീസ് വിജയം കണ്ടത്. സ്കോട്ട്ലന്റിന്റെ 142 റണ്‍സിനെതിരെ 7 വിക്കറ്റുകള്‍ ബലികഴിച്ചാണ് ന്യൂസിലാന്റ് വിജയം നേടിയത്. ബൗളര്‍മാര്‍ മികച്ച ഫോമിലാണെങ്കിലും ബാറ്റ്സ്മാന്മാര് സ്ഥിരതപുലര്ത്താത്തതാണ് മക്കല്ലത്തെയും കുഴക്കുന്നത്.
കീന്‍ വില്ല്യംസന്റെ മികച്ച ഫോമാണ് കിവീസ് പ്രതീക്ഷകളെ സജീവമാക്കുന്നത്. എന്നാല്‍ ഗുപ്റ്റിലും ബ്രണ്ടന്‍ മക്കല്ലവും കോറി ആന്‍ഡേഴ്സണും ശ്രീലങ്കക്കെതിരെ മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും സ്കോട്ട്ലന്റിനെതിരെ പരാജയമായിരുന്നു. അതുപോലെ റോസ് ടെയ്ലറും ഇനിയും ഫോമിലേക്കുയര്‍ന്നിട്ടില്ല. എന്തായാലും തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ട് ന്യൂസിലാന്റും ആദ്യ വിജയം സ്വന്തമാക്കാനായി ഇംഗ്ലണ്ടും ഇറങ്ങുന്നതോടെ പോരാട്ടം ആവേശകരമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: