വെസ്റ്റിന്‍ഡീസ് താരങ്ങളായ ക്രിസ് ഗെയിലും ഡ്വെയ്ന്‍
സ്മിത്തും പരിശീലനത്തിനിടെ ഫുട്‌ബോള്‍ കളിക്കുന്നു
കാന്‍ബറ: വിജയം തുടരാന്‍ ലക്ഷ്യമിട്ട് വെസ്റ്റിന്‍ഡീസും സിംബാബ്‌വെയും ഇന്ന് ഇറങ്ങുന്നു. പൂള്‍ ബിയിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്റിനോട് അട്ടിമറി തോല്‍വി വഴങ്ങുകയും രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഗംഭീര വിജയം സ്വന്തമാക്കുകയും ചെയ്ത വെസ്റ്റിന്‍ഡീസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇന്ന് തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങുന്നത്.
സിംബാബ്‌വെയും ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു. രണ്ടാം കളിയില്‍ യുഎഇയോട് കഷ്ടിച്ചാണ് ജയിച്ചത്. ഇരുടീമുകള്‍ക്കും രണ്ട് മത്സരത്തില്‍ നിന്ന് രണ്ട് പോയിന്റാണുള്ളതെങ്കിലും മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റിന്‍ഡീസാണ് ന്യൂസിലാന്റിന് പിറകില്‍ രണ്ടാം സ്ഥാനത്ത്.
എന്നാല്‍ ഡാരന്‍ ബ്രാവോയുടെ അഭാവത്തിലാണ് വിന്‍ഡീസ് ടീം ഇന്ന് ഇറങ്ങുന്നത്. ബ്രാവോയ്‌ക്ക് പകരം ജോനാഥന്‍ കാര്‍ട്ടറായിരിക്കും ഇന്ന് കൡക്കാനിറങ്ങുക. ഓപ്പണറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ക്രിസ് ഗെയില്‍ ഇതുവരെ ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല എന്നതാണ് അവരെ അലട്ടുന്ന ഏക പ്രശ്‌നം. എന്നാല്‍ ഡ്വെയ്ന്‍ സ്മിത്ത്, മര്‍ലോണ്‍ സാമുവല്‍സ്, രാംദിന്‍, സിമണ്‍സ്, ഡാരന്‍ സമി, കഴിഞ്ഞ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായ ആന്ദ്രെ റസ്സല്‍ എന്നിവര്‍ മികച്ച ഫോമിലാണെന്നത് വിന്‍ഡീസിന് കളിയില്‍ നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ട്.
കരുത്തുറ്റ ബൗളിംഗ് നിരയും അവര്‍ക്ക് സ്വന്തമാണ്. തങ്ങളുടെ പ്രതാപകാലത്തെ ബൗളര്‍മാരെ അനുസ്മരിപ്പിക്കുന്ന വിധം പാക്കിസ്ഥാനെതിരെ പന്തെറിഞ്ഞ ഹോര്‍ഡറും ടെയ്‌ലറും ഉള്‍പ്പെടുന്ന ബൗളിംഗിനെ മെരുക്കാന്‍ സിംബാബ്‌വെ ബാറ്റ്‌സ്മാന്മാര്‍ക്ക് ഏറെ വിയര്‍ക്കേണ്ടിവരുമെന്ന് ഉറപ്പാണ്.
മറുവശത്ത് സിംബാബ്‌വെ പൊരുതാനുറച്ചു തന്നെയാണ് ഇറങ്ങുക. ഓപ്പണര്‍മാരായ സിക്കന്ദര്‍ റാസ, ചമു ചിബാബ, ബ്രണ്ടന്‍ ടെയ്‌ലര്‍, ഹാമില്‍ട്ടണ്‍ മസാകഡ്‌സ, ഓള്‍ റൗണ്ടര്‍ സീന്‍ വില്ല്യംസ് എന്നിവരുടെ ബാറ്റിംഗിലാണ് സിംബാബ്‌വെയുടെ പ്രതീക്ഷ മുഴുവന്‍. ചതരയും പന്‍യാന്‍ഗരയും സോളൊമെന്‍ മിറെയും ഉള്‍പ്പെടുന്ന ബൗളിംഗ് നിരയും ഭേദപ്പെട്ട പ്രകടനമാണ് കഴിഞ്ഞ മത്സരത്തില്‍ കാഴ്ചവെച്ചത്.
















