ന്യൂദല്‍ഹി: കായിക അവാര്‍ഡുകള്‍ക്ക് പുതിയ മാനദണ്ഡം പുറത്തിറക്കി സമ്പൂര്‍ണ്ണ അഴിച്ചുപണിക്ക് കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ ഉത്തരവ്. രാജീവ്ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ്, അര്‍ജ്ജുന അവാര്‍ഡ്, ധ്യാന്‍ചന്ദ് അവാര്‍ഡ്, ദ്രോണാചാര്യ അവാര്‍ഡ് എന്നിവയുടെ നിര്‍ണയ രീതിയിലാണ് അഴിച്ചുപണി. അവാര്‍ഡുകള്‍ക്കായി കായികതാരങ്ങള്‍ സ്വയം അവകാശവാദങ്ങളുമായി രംഗത്തെത്തി വിവാദങ്ങള്‍ സൃഷ്ടിച്ചതോടെയാണ് കേന്ദ്രം പുതിയ രീതി അവലംബിച്ചത്.
അര്‍ജ്ജുന അവാര്‍ഡ് തിരഞ്ഞെടുപ്പ് സമിതിയെ വിരമിച്ച സുപ്രീംകോടതി അല്ലെങ്കില്‍ ഹൈക്കോടതി ജഡ്ജിയാണ് ഇനി നയിക്കുക. പ്രമുഖ കായിക താരം, കായികഭരണരംഗത്തുനിന്ന് ഒരാള്‍. കായിക വിദഗ്ധന്‍ എന്നിവര്‍ സെലക്ഷന്‍ കമ്മറ്റിയിലെ അംഗങ്ങളാകും.
ഒരേ കായികരംഗത്തുനിന്നുള്ള ഒന്നിലധികം പേര്‍ക്ക് സെലക്ഷന്‍ കമ്മറ്റിയില്‍ അംഗമാകാന്‍ സാധിക്കില്ല. മതിയായ യോഗ്യതയുള്ള കായിക താരത്തെ മാത്രമേ അതതു കായികവിഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത് സെലക്ഷന്‍ കമ്മറ്റിക്കു മുമ്പാകെ അയക്കാവൂ എന്നീ പുതിയ തീരുമാനങ്ങളും കായികമന്ത്രാലയം സ്വീകരിച്ചു.
ഇതിനു പുറമേ സെലക്ഷന്‍ കമ്മറ്റിയുടെ യോഗം പൂര്‍ണ്ണമായും വീഡിയോയില്‍ ചിത്രീകരിക്കും. സെലക്ഷന്‍ കമ്മറ്റിയുടെ നടപടിക്രമങ്ങള്‍ പരിശോധനയ്‌ക്ക് വിധേയമാക്കുകയും ചെയ്യും. കായിക താരങ്ങളെ അവാര്‍ഡിനായി പരിഗണിക്കുമ്പോള്‍ വ്യക്തിഗത ഇനങ്ങളില്‍ ലഭിച്ച മെഡലുകള്‍ക്ക് കൂടുതല്‍ പോയിന്റ് കണക്കാക്കും. ടീമിനത്തില്‍ ടീമിലെ അംഗങ്ങളുടെ എണ്ണം കണക്കാക്കിയായിരിക്കും പോയിന്റ്.
രാജീവ്ഗാന്ധി ഖേല്‍രത്‌ന, അര്‍ജ്ജുന, ദ്രോണാചാര്യ അവാര്‍ഡുകള്‍ക്കായി പരിഗണിക്കുന്നവരുടെ കായികരംഗത്തെ പ്രകടനങ്ങള്‍ക്ക് നല്‍കിയിരുന്ന പോയിന്റ് 90 ശതമാനത്തില്‍ നിന്നും 80 ശതമാനമായി കുറച്ചിട്ടുണ്ട്. വ്യക്തിഗത മികവും കായികരംഗത്തിന്റെ പ്രത്യേകതയും കണക്കാക്കി നല്‍കുന്ന പോയിന്റ് പത്തില്‍ നിന്നും 20 ശതമാനമായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
അര്‍ജ്ജുന അവാര്‍ഡുജേതാക്കളെ കണ്ടെത്തുന്നതിനായുള്ള കപില്‍ദേവ് അദ്ധ്യക്ഷനായ സെലക്ഷന്‍ കമ്മറ്റി പ്രധാനപ്പെട്ട നിരവധി നിര്‍ദ്ദേശങ്ങള്‍ കായിക മന്ത്രാലയത്തിന് നല്‍കിയതായും അവയെല്ലാം തന്നെ മന്ത്രാലയം ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും കായിക മന്ത്രാലയം അറിയിച്ചു.
















