പെര്‍ത്ത്: ലോകകപ്പ് റണ്‍ മഴ തുടരുന്നു; കരുത്തരുടെ വമ്പന്‍ ജയങ്ങളും. ക്രിസ് ഗെയ്ലിന്റെയും എബി ഡിവില്ലിയേഴ്സിന്റെയുമൊക്കെ ബാറ്റിംഗ് വെടിെക്കട്ടിന്റെ മിന്നല്‍ക്കാഴ്ചകള്‍ കണ്ണില്‍ നിന്നകലും മുന്‍പ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ വക മറ്റൊരെണ്ണം. 133 പന്തില്‍ 19 ഫോറുകളുടെയും അഞ്ചു സിക്സറുകളുടെയും അകമ്പടിയോടെ 178 റണ്‍സുമായി വാര്‍ണര്‍ ജ്വലിച്ചു. അതിനൊപ്പം സ്റ്റീവന്‍ സ്മിത്തിന്റെ (95) ക്ലാസിക് ഷോട്ടുകള്‍ നിറഞ്ഞ ഇന്നിംഗ്സ്. ഒടുവില്‍ ഗ്ലെന്‍ മാക്സവെല്ലിന്റെ (39 പന്തില്‍ 88) മായിക നടനം. എല്ലാംചേര്‍ന്നപ്പോള്‍ 6ന് 417 റണ്‍സ് പടുത്തുയര്‍ത്തിയ കങ്കാരുക്കള്‍ 2007ല്‍ ബെര്‍മുഡയ്ക്കെതിരെ ഇന്ത്യ തീര്‍ത്ത 413/5 എന്ന ടീം സ്കോറിന്റെ റെക്കോര്‍ഡ് മറികടന്നു.
ലോകത്തെ ഏറ്റവും വേഗമേറിയ പിച്ചില്‍ ഓസീസ് പേസര്‍മാരായ മിച്ചല്‍ ജോണ്‍സനും (4 വിക്കറ്റ്) മിച്ചല്‍ സ്റ്റാര്‍ക്കും (2) ജോഷ് ഹെസല്‍വുഡും (2) തീതുപ്പിയപ്പോള്‍ പാവം പാവം അഫ്ഗാനിസ്ഥാന് 37.3 ഓവറില്‍ വെറും 142ന് ഓള് ഔട്ട്. അങ്ങനെ 275 റണ്‍സിന് ആതിഥേയര്‍ ജയിച്ചുകയറി. ലോകകപ്പില്‍ റണ്‍സിന്റെ അടിസ്ഥാനത്തിലെ ഏറ്റവും വലിയ ജയവും മറ്റൊന്നല്ല.
പെര്‍ത്തിലെ ഗാലറിയെ സാക്ഷിയാക്കി കങ്കാരുപ്പട നിറഞ്ഞാടിക്കളഞ്ഞു. പതിയെയാണവര് തുടങ്ങിയത്. ആരോണ്‍ ഫിഞ്ചിനെ (4) നഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ സ്മിത്തും വാര്‍ണറും ചേര്‍ന്നതോടെ കളിമാറി. ഷോര്‍ട്ട് പിച്ചുകളെ നല്ലോണം കൈകാര്യം ചെയ്ത വാര്‍ണര്‍ അഫ്ഗാന് ബൗളര്‍മാരെ കളത്തിന്റെ എല്ലാ കോണുകളിലേക്കും പായിച്ചു. മനോഹരമായി ബാറ്റു വീശിയ സ്മിത്ത് കട്ടുകളും ഡ്രൈവുകളും യഥേഷ്ടം കളിച്ചു. അഫ്ഗാന്റെ സ്പിന്‍ പരീക്ഷണങ്ങളും ഇരുവര്‍ക്കും മുന്നില്‍ വിലപ്പോയില്ല. 260 റണ്‍സ് അടിച്ചെടുത്തു ഈ സഖ്യം. ലോകകപ്പില്‍ ഏതു വിക്കറ്റിലെയും ഓസീസിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതു തന്നെ. ഓസ്ട്രേലിയക്കാരന്റെ ഏറ്റവും ഉയര്‍ന്ന ലോകകപ്പ് വ്യക്തിഗത സ്കോറിന് പിറവികൊടുത്തശേഷം വാര്‍ണര്‍ വീണപ്പോള്‍ അഫ്ഗാന് ആശ്വസിച്ചു.
പക്ഷേ, മാക്സ്വെല് വിശ്വരൂപം കാട്ടി, കുഞ്ഞന്മാര്ക്ക് വീണ്ടും അരക്ഷിത കാലം. റിവേഴ്സ് സ്വീപ്പുകളും ഫഌക്കുകളും സ്കൂപ്പുകളും തൊടുത്ത മാക്സ് വെല്‍ അഫ്ഗാന് പന്തേറുകാരെ ഹതാശരാക്കി. ആറു തവണ പന്ത് അതിര്‍ത്തി കടത്തിയ മാക്സ്വെല് ഏഴു സിക്സറുകളും പറത്തിയശേഷമാണ് കൂടാരം പൂകിയത്. ബ്രാഡ് ഹാഡിനും (9 പന്തില്‍ 20, 2 ബൗണ്ടറി, 1 സിക്സ്) ഓസീസ് ബാറ്റിംഗിന് ഊര്‍ജം പകര്‍ന്നു.
റണ്‍സിന്റെ എവറസ്റ്റ് കയറാനുള്ള ശ്രമത്തിനിടെ ഒരുവട്ടംപോലും അഫ്ഗാന് ബാറ്റിംഗ് നിര ലക്ഷ്യബോധം കാട്ടിയില്ല.
33 റണ്‍സെടുത്ത നവ്റോസ് മംഗല്‍ അവരുടെ ടോപ് സ്കോര്‍. ഉശിരന്‍ ഫീല്‍ഡിംഗിലൂടെയും ക്യാച്ചിങ്ങിലൂടെയും ഓസ്ട്രേലിയന്‍ നിര പ്രതിയോഗിയുമായുള്ള നിലവാര വ്യത്യാസം വിളിച്ചോതി. അതോടെ പ്രതീക്ഷിച്ചതിലും വേഗത്തില്‍ മത്സരത്തിന് തിരശീല വീണു. വാര്‍ണര്‍ കളിയിലെ കേമന്‍.
സ്കോര്‍ ബോര്‍ഡ്
ഓസ്ട്രേലിയ:
വാര്‍ണര്‍ സി മുഹമ്മദ് നബി ബി ഷപൂര്‍ സദ്റാന് 178, ഫിഞ്ച് സി നവ്റോസ് മംഗല്‍ ബി ദൗതലത് സദ് റാന്‍ 4, സ്റ്റീവന്‍ സ്മിത്ത് സി നജീബുള്ള സദ്റാന് ബി ഷപൂര്‍ സദ് റാന്‍ 95, മാക്സ്വെല് സി മുഹമ്മദ് നബി ബി ദൗലത് സദ്റാന് 88, ജെയിംസ് ഫാല്‍ക്നര്‍ ബി ഹമീദ് ഹസന് 7, മിച്ചല്‍ മാര്‍ഷ് സി നജീബുള്ള സദ്റാന് ബി നവ്റോസ് മംഗള്‍ 8, ഹാഡിന് നോട്ടൗട്ട് 20. എക്സ്ട്രാസ് 17. 6ന് 417 (50 ഓവര്‍).
വിക്കറ്റ് വീഴ്ച: 1-14, 2-274, 3-339, 4-382, 5-390, 6-417
ബൗളിംഗ്: ദൗലത് സദ് റാന്‍ 10-1-101-2, ഷപൂര്‍ സദ്റാന് 10-0-89-2, ഹമീദ് ഹസന് 10-0- 70-1, മുഹമ്മദ് നബി 10-0-84-0, സൈമുള്ള ഷെന്‍വാരി 5-0-34- 0, ജാവേദ് അഹമ്മദി 4-0-18-0, നവ്റോസ് മംഗള്‍ 1-0-14-1.
അഫ്ഗാനിസ്ഥാന്:
ജാവേദ് അഹമ്മദി സി ക്ലാര്‍ക്ക് ബി ഹേസല്‍വുഡ് 13, ഉസ്മാന് ഘാനി സി ഫാല്‍ക്നര്‍ ബി ജോണ്സന് 12, നവ്റോസ് മംഗള്‍ സി ഫിഞ്ച്് ബി ജോണ്സന് 33, അസ്ഗര്‍ സ്റ്റാനിക്സായി സി സ്മിത്ത് ബി ജോണ്സന് 4, സൈമുള്ള ഷെന്‍വാരി സി ജോണ്സന് ബി ക്ലാര്‍ക്ക് 17, മുഹമ്മദ് നബി സി ക്ലാര്‍ക്ക് ബി മാക്സ് വെല്‍ 2, നജീബുള്ളല സദ്റാന് ബി സ്റ്റാര്‍ക്ക് 24, അഫ്സര്‍ സസായി സി ഹാഡിന് ബി ഹേസല്‍വുഡ് 10, ദൗലത് സദ്റാന് ബി സ്റ്റാര്‍ക്ക് 0, ഹമീദ് ഹസന് സി വാര്‍ണര്‍ ബി ജോണ്സന് 7, ഷപൂര്‍ സദ്റാന് നോട്ടൗട്ട് 0. എക്സ്ട്രാസ് 20. ആകെ 142 (37.3).
വിക്കറ്റ് വീഴ്ച: 1-30, 2-32, 3-46, 4-94, 5-94, 6-103, 7-131, 8-131, 9-140, 10-142.
ബൗളിംഗ്: മിച്ചല്‍ സ്റ്റാര്‍ക്ക് 6-0-18-2, ജോഷ് ഹേസല്‍വുഡ് 8-1-25-2, മിച്ചല്‍ ജോണ്സന് 7.3-0- 22-4, മൈക്കല്‍ ക്ലാര്‍ക്ക് 5-0-14-1, മിച്ചല്‍ മാര്‍ഷ് 3-0-25-0, ജെയിംസ് ഫാല്‍ക്നര്‍ 4-0-8-0, ഗ്ലെന്‍ മാക്സ്വെല് 4-1-21-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: