നേപ്പിയര്‍: അഫ്ഗാനിസ്ഥാനെ വിഴ്‌ത്തിയതോടെ തുടര്‍ച്ചയായ അഞ്ചാം വിജയവും സ്വന്തമാക്കി കിവികള്‍ പറ പറന്നു. താരതമ്യേന ദുര്‍ബലരായ അഫ്ഗാനിസ്ഥാനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കിവികള്‍ ലോകകപ്പിലെ തങ്ങളുടെ തേരോട്ടം തുടരുന്നത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 47.4 ഓവറില്‍ 186 റണ്‍സിന് പുറത്തായി. നജീബുള്ള സര്‍ദാന്‍ (56), സമീയുള്ള ഷെന്‍വാരി (54) എന്നിവര്‍ക്ക് മാത്രമെ അഫ്ഗാന്‍ നിരയില്‍ അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാനായുള്ളു. ആറ് ബാറ്റ്‌സ്മാന്മാര്‍ രണ്ടക്കം കാണാതെ പുറത്തായി. ന്യൂസിലന്‍ഡിനു വേണ്ടി ഡാനിയേല്‍ വെട്ടോറി നാലും കോറി ആന്‍ഡേഴ്‌സന്‍ രണ്ടു വിക്കറ്റ് വീതവും വീഴ്‌ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് 36.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു. മാര്‍ട്ടിന്‍ ഗപ്ടില്‍ (57), ബ്രണ്ടന്‍ മക്കല്ലം (42), കെയിന്‍ വില്യംസണ്‍ (32) എന്നിവര്‍ ന്യൂസിലന്‍ഡിന് മികച്ച സംഭവനകള്‍ നല്‍കി.
















