മണ്ണഞ്ചേരി: മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ പഴയകാട് വാര്‍ഡില്‍ തുടങ്ങാന്‍ ശ്രമിച്ച വിദേശമദ്യശാലയ്‌ക്കെതിരായ സമരം നാട്ടുകാര്‍ ശക്തമാക്കി. പ്രദേശത്തെ വീട്ടമ്മമാര്‍ക്കുപിന്നാലെ വിദ്യാര്‍ത്ഥിനികളും ഇന്നലെമുതല്‍ നിരാഹാരസമരം തുടങ്ങി. കലവൂരില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യശാലയാണ് പാതിരപ്പള്ളി ഉദയാസ്റ്റുഡിയോയ്‌ക്ക് പടിഞ്ഞാറുള്ള പഴയകാട് വാര്‍ഡിലേക്ക് മാറ്റാന്‍ ശ്രമം തുടങ്ങിയത്. നിലവില്‍ കയര്‍ ഫാക്ടറിയായി ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനത്തില്‍ മദ്യശാലയുടെ കൗണ്ടറുകള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചപ്പോഴാണ് പ്രദേശികവാസികള്‍ വിവിരം അറിയുന്നത്.
തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് സമരസമിതിക്ക് രൂപംനല്‍കുകയായിരുന്നു. മാര്‍ച്ച് 23 ന് തുടങ്ങിയ പ്രതിഷേധസമരത്തിന്റെ മൂന്നാംഘട്ടമായാണ് ഇപ്പോള്‍ നിരാഹാരത്തിലേക്ക് കടന്നത്. കഴിഞ്ഞ ദിവസം പഴയകാട് പ്രദേശത്തെ വിദ്യാര്‍ത്ഥിനികള്‍ നാട്ടുകാരുടെ ഒപ്പുശേഖരണം നടത്തി ജില്ലാകളക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു. നിവേദനം നല്‍കാനെത്തിയ സംഘത്തിലെ പെണ്‍കുട്ടികള്‍ ബിവറേജസ് ഔട്ട് ലെറ്റ് സ്ഥാപിച്ചാല്‍ നാട്ടില്‍ ജിവിക്കാന്‍ ഭയമാണെന്ന് ജില്ലാകളക്ടറോട് പറഞ്ഞിരുന്നു.
പഴയകാട് സമരസമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ശക്തമായതോട് പ്രമുഖ രാഷ്‌ട്രീയപാര്‍ട്ടികളടക്കം നിരവധി സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യപിച്ച് രംഗത്തെത്തി. പ്രതിഷേധത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട ഏഴിന് പ്രദേശത്തെ മുഴുവന്‍ വീടുകളിലും പ്രതിഷേധജ്വല തെളിക്കും.
















