കണ്ണൂര്‍: കോടതി വിധിയെത്തുടര്‍ന്ന് കാല്‍ടെക്‌സില്‍ നിന്നും നേതാജി റോഡിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ച ബീവറേജ്‌സ് ഔട്ട്‌ലെറ്റിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം. ഇന്നലെ രാവിലെ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുളള നൂറുകണക്കിന് പ്രദേശവാസികള്‍ ബീവറേജ്‌സ് ഔട്ട്‌ലെറ്റിലേക്ക് മാര്‍ച്ച് നടത്തി. ഔട്ട്‌ലെറ്റ് എത്രയും പെട്ടെന്ന് അടച്ചു പൂട്ടണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. അഷ്‌റഫ് ബംഗാളിമഹല്ല സമരം ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം.
വര്‍ഷങ്ങളായി പാറക്കണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് ഷോപ്പിനുനെതിരെയും ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നഗരത്തിലെ മറ്റ് മദ്യഷോപ്പുകള്‍ മാറ്റുകയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഷോപ്പുകള്‍ അടച്ചതും കാരണം കഴിഞ്ഞ രണ്ട് ദിവസങ്ങളായി വന്‍ തിരക്കാണ് പാറക്കണ്ടിയിലെ മദ്യഷാപ്പില്‍ അനുഭവപ്പെടുന്നത്. മദ്യം വാങ്ങാനെത്തിയവരേയും വാഹനങ്ങളേയുംകൊണ്ട് പ്രദേശം നിറഞ്ഞ അവസ്ഥയാണ്. പ്രദേശത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊന്നും മദ്യപന്മാരുടെ തിരക്കുകാരണം പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. ഇതിനെ തുടര്‍ന്നാണ് സംയുക്ത സമരസമിതി രൂപീകരിച്ച് പ്രദേശവാസികളും രംഗത്തെത്തിയത്. മദ്യഷാപ്പ് ഇവിടെ നിന്നും മറ്റുന്നതുള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സംയുക്തസമരസമിതി രൂപീകരിച്ച് കലക്ടര്‍ക്ക് പരാതി നല്‍കി. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനുളള നീക്കത്തിലാണ് രണ്ട് പ്രദേശത്തേയും നാട്ടുകാര്‍.
















