രാമപുരം : വെള്ളിലാപ്പിള്ളി ജംഗ്ഷന്‍ കേന്ദ്രീകരിച്ച് കഞ്ചാവ്-മദ്യ-മാഫിയായുടെ വിളയാട്ടം പതിവായി. ഹോട്ടലുടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതാണ് ഒടുവിലത്തെ സംഭവം. വെള്ളിലാപ്പിള്ളി ലക്ഷംവീട് കോളനി കേന്ദ്രീകരിച്ച് ചില യുവാക്കളുടെ നേതൃത്വത്തില്‍ കഞ്ചാവ് വില്‍പ്പനയും മറ്റ് സാമൂഹ്യവിരുദ്ധ നടപടികളും നടന്നു വരുന്നതായി കോളനിയിലെതന്നെ മറ്റു ജനങ്ങള്‍ പരാതിപ്പെട്ടിരുന്നു. സന്ധ്യ മയങ്ങുന്നതോടെ വെള്ളിലാപ്പിള്ളി ദേവീക്ഷേത്രം ജംഗ്ഷനിലും പരിസരപ്രദേശങ്ങളിലും ഇത്തരം സാമൂഹ്യവിരുദ്ധര്‍ തമ്പടിക്കുന്നതായി രാമപുരം പോലീസില്‍ പരാതി നല്കിയിരുന്നു.
കഴിഞ്ഞ നാലുമാസത്തിനിടെ ചെറുതും വലുതുമായ പത്തോളം സംഘര്‍ഷങ്ങള്‍ വെള്ളിലാപ്പിള്ളി മേഖലയില്‍ ഉണ്ടായി. ജംഗ്ഷനിലെ ഒരു കേന്ദ്രത്തില്‍ നിന്ന് മദ്യപിച്ച് മദോ•ത്തരായി സ്‌കൂട്ടറില്‍ പോയ രണ്ടു യുവാക്കള്‍ മറ്റൊരു ബൈക്കിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചു കയറ്റിയതിനെത്തുടര്‍ന്ന് ബൈക്ക് യാത്രക്കാരന്‍ മരണമടഞ്ഞതും അടുത്ത കാലത്താണ്. ഈ കേസില്‍ രണ്ടു യുവാക്കളുടെ പേരില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്‌ക്ക് പോലീസ് കേസെടുത്തിരുന്നു. വെള്ളിലാപ്പിള്ളി ജംഗ്ഷനില്‍ സംഘര്‍ഷം ഉണ്ടാക്കി ഒരു യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചശേഷമാണ് ഈ യുവാക്കള്‍ സ്‌കൂട്ടറില്‍ പാഞ്ഞുപോയി അപകടമുണ്ടാക്കിയത്.
ഹോട്ടല്‍ ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ടോണിയെത്തേടി പല പ്രദേശങ്ങളില്‍ നിന്നും യുവാക്കള്‍ വെളളിലാപ്പിള്ളിയില്‍ വന്നുപോയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കഞ്ചാവ് – മദ്യ മാഫിയായുമായി ബന്ധപ്പെട്ട ഇരുപതോളം യുവാക്കള്‍ വെള്ളിലാപ്പിള്ളി ജംഗ്ഷന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി പോലീസ് രഹസ്യാന്വേഷണ വിഭാഗവും നേരത്തെ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്കിയിരുന്നു. വെള്ളിലാപ്പിള്ളി ക്ഷേത്രോത്സവം കഞ്ചാവ്-മയക്കുമരുന്ന് മാഫിയ അലങ്കോലപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ രാമപുരം എസ്.ഐയ്‌ക്ക് പരാതി നല്കിയിരുന്നു.
ഈ കാര്യത്തില്‍ വീഴ്ച വരുത്തിയ പോലീസ് ക്ഷേത്രപരിസരത്ത് സംഘര്‍ഷം ഉണ്ടായതായി ഭാരവാഹികള്‍ വിളിച്ചുപറഞ്ഞിട്ടും സത്വര നടപടികള്‍ സ്വീകരിച്ചില്ല എന്നാണ് ആരോപണം. വെള്ളിലാപ്പിള്ളി ജംഗ്ഷന്‍ കേന്ദ്രീകരിച്ചുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പോലീസ് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.
















