പോത്തന്‍കോട്: കഴക്കൂട്ടം-അടൂര്‍ റോഡരികിലെ ഓടയിലെ മാലിന്യം സ്വകാര്യവ്യക്തിയുടെ വയലില്‍ നിക്ഷേപിക്കുന്നതായി പരാതി. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി മുപ്പതോളം ലോഡ് മാലിന്യം ഇവിടെ നിക്ഷേപിച്ചു. സമീപവാസികള്‍ക്ക് മാലിന്യത്തിന്റെ ദുര്‍ഗന്ധം കാരണം വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. പ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും മലിനജലം എത്തുമോയെന്ന ആശങ്കയിലാണ് സമീപവാസികള്‍. കൂടുതലും രാത്രികാലങ്ങളിലാണ് മാലിന്യം നിക്ഷേപിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ താനറിയാതെയാണ് വസ്തുവില്‍ മാലിന്യം നിക്ഷേപിച്ചതെന്ന് ഉടമസ്ഥന്‍ പറഞ്ഞു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോത്തന്‍കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലന്‍ നായരും മറ്റു ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു. പഞ്ചായത്ത് അറിയാതെയാണ് ജനവാസകേന്ദ്രത്തില്‍ മാലിന്യം നിക്ഷേപിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. ഇതിനെതിരെ കെഎസ്ടിപിക്ക് പരാതി നല്‍കുമെന്ന് പ്രസിഡന്റ് അറിയിച്ചു.
















