എരുമേലി: വീടിനുള്ളില്‍ അനധികൃത തോക്ക് നിര്‍മ്മിച്ച കേസില്‍ പ്രതിക്കായി പോലീസ് അന്വേഷണം ശക്തമാക്കുന്നതിനിടെ പ്രതി കോടതിയില്‍ കീഴടങ്ങുമെന്ന് സൂചന. അയല്‍വാസി അനധികൃതമായി കൈവശം വച്ചിരുന്ന പഴയ തോക്കിന്റെ അറ്റകുറ്റപണി മാത്രമാണ് ചെയ്തതെന്നും പോലീസ് തിരയുന്ന ഇടകടത്തി അറുവച്ചാംകുഴി സ്വദേശി കുന്നുകയില്‍ മണിക്കുട്ടന്‍ ‘ജന്മഭൂമി’ യോട് പറഞ്ഞു. രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് പോലീസ് മണിക്കുട്ടന്റെ വീട്ടില്‍ നിന്നും തോക്കും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്. തോക്ക് നന്നാക്കാന്‍ തന്ന അയല്‍വാസി തന്നെയാണ് തന്നെ ഒറ്റിക്കൊടുത്തതെന്നും ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറയുമെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ തോക്ക് സമീപത്തുള്ള ശബരിമല വനത്തില്‍ വന്യമൃഗവേട്ടക്ക് നാട്ടുകാരില്‍ ചിലര്‍ ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു. പോലീസുമായി ഇവര്‍ക്ക് അവിശുദ്ധ ബന്ധമുണ്ടെന്നും മണിക്കുട്ടന്‍ പറയുന്നു.
















