പാനൂര്‍: പാനൂര്‍ പോലീസിനു നേരെ സിപിഎം അക്രമം. മൂന്നു പേര്‍ റിമാന്റില്‍. പോലീസുകാരന് മര്‍ദ്ദനത്തില്‍ പരിക്ക്. കഴിഞ്ഞ ദിവസം രാത്രി വാഹന പരിശോധനയ്‌ക്കിടെ ചമ്പാട് മാക്കുനി റോഡില്‍ വെച്ച് സിപിഎം പ്രവര്‍ത്തകനെ മദ്യപിച്ച് വാഹനമോടിച്ചതിന് എസ്‌ഐ എം.എസ്. ഫൈസലും സംഘവും പിടികൂടി പോലീസ് വാഹനത്തില്‍ കൊണ്ടു പോകുന്നതിനിടയിലാണ് സംഘടിച്ചെത്തിയ സംഘം അക്രമം നടത്തിയത്. കെഎപിയിലെ ജിതിന്‍(28)നാണ് അക്രമത്തില്‍ പരിക്കേറ്റത്. എസ്‌ഐയ്‌ക്കു നേരെ കയ്യേറ്റ ശ്രമവുമുണ്ടായി. വാഹനവും കേടുവരുത്തി. തുടര്‍ന്ന് പാനൂര്‍ സിഐ കെഎസ്.ഷാജിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തി അക്രമികളെ തുരത്തി. ഇതില്‍ മൂന്നുപേരെ പിടികൂടുകയും ചെയ്തു. മാക്കുനിയിലെ ടിഎം.അനീഷ്‌കുമാര്‍(40), എം.രാജേഷ്(41), അമല്‍രാജ്(24) എന്നിവരെയാണ് പിടികൂടിയത്. തലശേരി എസിജെഎം കോടതിയില്‍ ഹാജരാക്കിയ മൂവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.പോലീസ് വാഹനം തടയുകയും പോലീസിനെ അക്രമിച്ച് കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനുമാണ് കേസ്.
















