മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ ബസ് സ്റ്റാന്റ് പരിസരത്ത് പണിയിച്ച നഗരസഭ ഷോപ്പിംഗ്മാള്‍, സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതിതുടങ്ങിയവയുടെ ഉദ്ഘാടനം നാളെ നടക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ കെ.ഭാസ്‌കരന്‍ മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉച്ചയ്‌ക്ക് 2.30ന് നടക്കുന്ന ചടങ്ങില്‍ നഗരസഭ ഷോപ്പിംഗ് മാള്‍, സമഗ്ര ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയുടേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പൗച്ച് കം ബിഗ് ഷോപ്പര്‍ വിതരണോദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിക്കും. പരിസ്ഥിതി സൗഹൃദ ഹരിത വിവാഹ പദ്ധതി പ്രകാരം തെരഞ്ഞെടുത്ത വധു വരന്‍മാര്‍ക്ക് സ്വര്‍ണ്ണാഭരണം കിയാല്‍ എം.ഡി.തുളസീദാസ് വിതരണം ചെയ്യും. വിവാഹങ്ങള്‍ക്ക് കുടുംബശ്രീ മുഖാന്തിരമുള്ള സ്റ്റീല്‍ പാത്രങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലി നിര്‍വ്വഹിക്കും. ഇ.പി.ജയരാജന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. നഗരസഭ സെക്രട്ടറി എം.സുരേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ വി.എന്‍.സത്യേന്ദ്രനാഥന്‍ ,അനിത വേണു, ഷാഹിന സത്യന്‍ ,എം.സുരേശന്‍ എന്നിവരും പങ്കെടുത്തു.
















