വിളപ്പില്‍: പേയാട് ജംഗ്ഷനിലെ ഓട്ടോ റിക്ഷാ സ്റ്റാന്റ് മാറ്റാനുള്ള പഞ്ചായത്ത് തീരുമാനത്തില്‍ പ്രതിഷേധം രൂക്ഷം. ഓട്ടോ സ്റ്റാന്റ് വിഷയം ഇന്നലെ പഞ്ചായത്ത് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നായിരുന്നു ധാരണ. ഇതനുസരിച്ച് ഇന്നലെ പഞ്ചായത്ത് യോഗം കൂടിയെങ്കിലും ഈ വിഷയം ചര്‍ച്ചയ്‌ക്കെടുത്തില്ല.
പ്രതിപക്ഷ നേതാവ് പേയാട് കാര്‍ത്തികേയന്‍ വിഷയാവതരണത്തിന് സമയം ആവശ്യപ്പെട്ടെങ്കിലും പ്രസിഡന്റ് അനുവദിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷത്തുള്ള ബിജെപി, കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി എഴുന്നേറ്റു. ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് മീറ്റിംഗ് അവസാനിപ്പിച്ച് പിന്‍വാതിലിലൂടെ ഇറങ്ങിപ്പോയി. സ്റ്റാന്റ് പുനസ്ഥാപിക്കുമെന്ന പ്രതീക്ഷയില്‍ പഞ്ചായത്തിനു മുന്നില്‍ രാവിലെ മുതല്‍ ഓട്ടോ തൊഴിലാളികള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തില്‍ നടന്ന കാര്യങ്ങള്‍ ഇവരെ അറിയിച്ചു. ക്ഷുഭിതരായ തൊഴിലാളികള്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
തങ്ങളെ അവഹേളിച്ചതില്‍ പ്രതിക്ഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ സെക്രട്ടറിയെയും ഉപരോധിച്ചു. പ്രശ്‌നം സംഘര്‍ഷത്തിന്റെ വക്കിലെത്തിയതോടെ വിളപ്പില്‍ശാല എസ് ഐ കണ്ണന്റെ നേതൃത്വത്തില്‍ പോലീസ് പഞ്ചായത്തിലെത്തി. സമരക്കാരെ അനുനയിപ്പിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ബിജെപി സംസ്ഥാന സമിതിയംഗം പേയാട് വേണുഗോപാല്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി ഡി. കുഞ്ഞുമോന്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ശ്രീകുമാര്‍, ഐഎന്റ്റിയുസി നേതാവ് ഇക്ബാല്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിനോദ് രാജ്, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് വിളപ്പില്‍ശാല ശ്രീകുമാര്‍ എന്നിവരുമായി എസ്‌ഐയും, പഞ്ചായത്ത് സെക്രട്ടറിയും ചര്‍ച്ച നടത്തി. നാളെ രാവിലെ 10 ന് പഞ്ചായത്ത് ഓഫീസില്‍ തൊഴിലാളി നേതാക്കളും രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളും ഒരുമിച്ചിരുന്ന് ചര്‍ച്ചയിലൂടെ രമ്യമായി പ്രശ്‌നം പരിഹരിക്കാമെന്ന് എസ് ഐയും സെക്രട്ടറിയും നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. അതോടെ ഉച്ചയ്‌ക്ക് 1.30 ന് ആരംഭിച്ച സമരം അവസാനിപ്പിച്ച് വൈകിട്ട് 3.30 ന് തൊഴിലാളികളും പഞ്ചായത്ത് അംഗങ്ങളും പിരിഞ്ഞുപോയി.
















