ആലപ്പുഴ: ക്രമസമാധാന നില കാര്യക്ഷമമാക്കുന്നതിന് പ്രത്യേക കര്‍മ്മ പരിപാടിക്ക് തുടക്കമായെന്ന അവകാശവാദവുമായി ജില്ലാ പോലീസ്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള നടപടികളില്‍ ക്രിമിനലുകളെ മൂന്നായി തരംതിരിച്ച് കൊടും കുറ്റവാളികളായി 191 പേരെയും ക്രിമിനലുകളായി 608 പേരെയും ഗുണ്ടാസംഘത്തില്‍ സജീവമല്ലാത്തവരായി 573 പേരുടെയും പട്ടിക തയാറാക്കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഓപ്പറേഷന്‍ ഗുണ്ടാ പദ്ധതി പ്രകാരം 1,154 കേസുകള്‍ എടുത്തിട്ടുണ്ട്. 224 ദീര്‍ഘകാല വാറണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കാപ്പാ നിയമപ്രകാരം പതിനഞ്ചുപേരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഗുണ്ടകളെ നിരീക്ഷിക്കുന്നതിനും നടപടികളെടുക്കുന്നതിനും സോഫ്റ്റ്‌വെയര്‍ സഹായത്തോടെ മോണിറ്ററിങ് സംവിധാനം ജില്ലാ പോലീസ് കാര്യാലയത്തില്‍ ആരംഭിച്ചു.
മയക്കുമരുന്നു സംഘത്തെ പിടികൂടാന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. വാഹനാപകടങ്ങള്‍ കുറയ്‌ക്കുന്നതിനായി ആധുനിക റഡാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ വാഹനപരിശോധന കര്‍ശനമായി നടത്തിവരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ പിങ്ക് പട്രോളിങ് സംവിധാനം നടത്തിവരുന്നു. സുരക്ഷയൊരുക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫ്‌ളൈയിങ് സ്‌ക്വാഡിനെ വിന്യസിപ്പിച്ചു. പ്രതികളെ ശാസ്ത്രീയമായി ചോദ്യം ചെയ്യുന്നതിനായി വീഡിയോ ക്യാമറ, സൗണ്ട് റെക്കോര്‍ഡിങ് ഉള്ള ഇ-മുറി സംവിധാനം ഒരുക്കും. പത്രസമ്മേളനത്തില്‍ ഡിവൈഎസ്പിമാരായ പാര്‍ത്ഥസാരഥി പിള്ള, വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















