മാലിന്യങ്ങള്‍ നിറഞ്ഞ കോതകുളങ്ങര തോട്
ചേര്‍ത്തല: രാഷ്‌ട്രീയ വൈരാഗ്യം. തൊഴിലുറപ്പ് സ്ത്രീകളെ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ജോലിയെടുപ്പിക്കുന്നതായി പരാതി. പട്ടണക്കാട് പഞ്ചായത്ത് 19-ാം വാര്‍ഡിലെ ജെഎല്‍ജി ചൈതന്യ ഗ്രൂപ്പില്‍ പെട്ടവരാണ് പഞ്ചായത്ത് അധികൃതരുടെ പിടിവാശിമൂലം ദുരിതമനുഭവിക്കുന്നത്.
പന്ത്രണ്ടോളം അംഗങ്ങളാണ്് ഗ്രൂപ്പില്‍ ഉള്ളത്. അന്ധകാരനഴി തീരമേഖലയിലെ നിവാസികളായ ഇവര്‍ക്ക് ആറ് കിലോമീറ്ററോളം ദൂരെ പട്ടണക്കാട് മഹാദേവ ക്ഷേത്രത്തിന് പടിഞ്ഞാറ് വശമാണ് ജോലി നല്‍കിയിരിക്കുന്നത്. 30 രൂപയിലധികം മുടക്കിയാണ് ഇവര്‍ ജോലിക്കായി എത്തുന്നത്.
യാത്രാ ചെലവ് നല്‍കാനും അധികൃതര്‍ തയാറാകുന്നില്ലത്രേ. കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ നിറഞ്ഞ കോതകുളങ്ങര തോട് വെട്ടണമെന്നാണ് നിര്‍ദ്ദേശം. ആയിരം മീറ്ററോളം നീളമുള്ള തോട്ടില്‍ മാലിന്യങ്ങള്‍ നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുകയാണ്. കഴിഞ്ഞ ദിവസം ജോലിക്കിറങ്ങിയ രണ്ട് സ്ത്രീകള്‍ക്ക് ഛര്‍ദ്ദിയും തലകറക്കവും ഉണ്ടായി.
കോതകുളങ്ങര തോടിന്റെ നവീകരണത്തിനായി പഞ്ചായത്ത് തുക വകയിരുത്തിയിരുത്തിയിട്ടുണ്ടെന്നാണ് വിവരം.ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തില്‍ രാഷ്‌ട്രീയം നോക്കിയാണ് തൊഴില്‍ദിനങ്ങള്‍ നല്‍കുന്നതെന്നും ഇവര്‍ മറ്റ് രാഷ്‌ട്രീയപാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരായാതിനാല്‍ അധികാരികള്‍ പ്രതികാരം ചെയ്യുകയാണെന്നുമാണ് ഗ്രൂപ്പ് അംഗങ്ങളുടെ പരാതി.
സാമ്പത്തിക വര്‍ഷം 100 തൊഴില്‍ദിനങ്ങള്‍ നല്‍കണമെന്നാണ് വ്യവസ്ഥയെങ്കിലും ഇവര്‍ക്ക് മുപ്പതോളം ദിവസങ്ങളാണ് ജോലി നല്‍കിയത്. രാഷ്‌ട്രീയത്തിന്റെ പേരില്‍ പഞ്ചായത്ത് അധികാരികള്‍ തൊഴിലുറപ്പ് സ്ത്രീകളോട് തുടരുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എ. ആര്‍. ബൈജു അദ്ധ്യക്ഷനായി. കെ.എം. മഹേഷ്, കെ. തമ്പി എന്നിവര്‍ പ്രസംഗിച്ചു.
















