മയ്യഴി: മാഹി നഗരത്തിലെ പാതയോരങ്ങളില്‍ നിന്നും നീക്കം ചെയ്യുന്ന മദ്യശാലകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ എന്ത് വില കൊടുത്തും തടയുമെന്ന് ബിജെപി മാഹി മേഖലാ കമ്മറ്റി അറിയിച്ചു.
സുപ്രീം കോടതിവിധിയനുസരിച്ച് പാതയോരത്തെ മദ്യശാലകള്‍ നീക്കം ചെയ്യാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ അധികൃതര്‍ ഇതിനുള്ള നടപടിയെടുക്കുന്നതിന് പകരം മദ്യ മുതലാളിമാര്‍ക്ക് ലൈസന്‍സ് പുതുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മദ്യ മുതലാളിമാര്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. മദ്യപശല്യത്തിന്റെ ദുരിതത്തില്‍ നിന്നും മയ്യഴിക്ക് മോചനം ലഭിക്കുന്ന സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പുതുച്ചേരി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നലകിയ പുനപ്പരിശോധനാ ഹര്‍ജി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാര്‍ മദ്യലോബി ഗൂഢാലോചനയില്‍ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ഇന്ന് മാഹി മേഖലയില്‍ പ്രതിഷേധ വാഹനജാഥ നടത്തും. രാവിലെ 10ന് മുലക്കടവില് നിന്നാരംഭിക്കുന്ന ജാഥ വൈകുന്നേരം മാഹി ചൂടിക്കോട്ടയില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: