കോട്ടയം: മാന്നാനം കെഇ കോളേജില്‍ വനിതാദിനത്തിന്റെ ഭാഗമായി സ്ത്രീവിരുദ്ധ പോസ്റ്റര്‍ പതിച്ച എസ്എഫ്‌ഐ മാപ്പ് പറയാമെന്ന് സമ്മതിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം കോളേജില്‍ നടന്ന പിടിഎ അംഗങ്ങള്‍, അലുമ്‌നി അസോസിയേഷന്‍, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, അദ്ധ്യാപകര്‍, നാട്ടുകാര്‍ എന്നിവരുടെ സംയുക്ത സമ്മേളനത്തിലാണ് എസ്എഫ്‌ഐ കുറ്റസമ്മതം നടത്തിയത്.
ശാന്തമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന മാന്നാനം കെ.ഇ.കോളേജിനെ കലുഷിതമാക്കാനുള്ള ഗൂഢശ്രമമാണ് എസ്എഫ്‌ഐ നടത്തിയത്. ഏറ്റുമാനൂര്‍ ഐടിഐയിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ക്യാമ്പസുകളില്‍ ലൈംഗിക അരാജകത്വം സൃഷ്ടിക്കാനുള്ള ആസൂത്രിതനീക്കങ്ങളാണ് എസ്എഫ്‌ഐയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നുള്ള ആക്ഷേപവും ശക്തമാവുകയാണ്. കഴിഞ്ഞ വനിതാദിനത്തില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയന്‍ കോളേജ് അധികൃതരുടെ അനുമതി കൂടാതെ കാമ്പസിനുള്ളില്‍ സ്ത്രീ ലൈംഗികാവയവങ്ങളെ അശ്ലീലഭാഷയില്‍ വിശേഷിപ്പിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ എഴുതി പ്രദര്‍ശിപ്പിക്കുകയായിരുന്നു. വനിതാ അദ്ധ്യാപകരും വിദ്യാര്‍ത്ഥിനികളും ഏറെയുള്ള കോളേജില്‍ ഇത്തരം പോസ്റ്ററുകള്‍ പതിപ്പിച്ചത് കരുതിക്കൂട്ടി തന്നെയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനികളും അദ്ധ്യാപികമാരും പറയുന്നു. എന്നാല്‍ ഇതിനെ അനുകൂലിക്കുന്ന നിലപാടാണ് പുരുഷ അദ്ധ്യാപകര്‍ സ്വീകരിച്ചത്. യൂണിയന്‍ ചെയര്‍മാനും സംഭവത്തെ ന്യായീകരിച്ച് സംസാരിച്ചതായി കോളേജ് പ്രിന്‍സിപ്പാള്‍ റവ.ഡോ.ബെന്നി തോട്ടനാനിയില്‍ പറഞ്ഞു.
പ്രകടമായ സ്ത്രീത്വലംഘനവും നഗ്നമായ സ്ത്രീവിരുദ്ധതയുമാണ് മാന്നാനം കെ.ഇ.കോളേജില്‍ കോളേജ് യൂണിയന്‍ നടത്തിയതെന്ന് വനിതാകമ്മീഷനംഗം ജെ.പ്രമീളാദേവി പറഞ്ഞു. സ്ത്രീവിരുദ്ധ പോസ്റ്റര്‍ പതിപ്പിച്ചവര്‍ ആരായാലും അംഗീകരിക്കാനാവില്ല. സഭ്യതയുടെ വേലിക്കെട്ടുകള്‍ ലംഘിക്കുന്നത് സമൂഹത്തില്‍ നിലനില്‍ക്കുന്ന ധാര്‍മ്മികതയെ തകര്‍ക്കുവാന്‍ മാത്രമേ സഹായിക്കൂ. പോസ്റ്ററും അതിന് പിന്നിലെ ചിന്തയും പുരോഗമനപരമാണെന്ന അദ്ധ്യാപകരുടെ വാദം അംഗീകരിക്കാനാവില്ലെന്നും സ്ത്രീകളുടെ അവകാശങ്ങളിലുള്ള കടന്നുകയറ്റവും തികഞ്ഞ സ്ത്രീവിരുദ്ധതയായി മാത്രമേ കാണാന്‍ കഴിയൂ എന്നും പ്രമീളാദേവി പറഞ്ഞു.
കോളേജ് പ്രിന്‍സിപ്പളിന്റെയും വനിതാ അദ്ധ്യാപകരുടെയും താല്‍പ്പര്യമനുസരിച്ച് ഇന്നലെ കെ.ഇ.കോളേജിലെത്തിയതായിരുന്നു പ്രമീളാദേവി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് അവര്‍ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയതായും പറഞ്ഞു.
















