കോതനല്ലൂര്‍: കിണറ്റിലെ വെള്ളം കരിഓയിലും മണ്ണെണ്ണയും ഒഴിച്ച് ഉപയോഗ്യശൂന്യമാക്കിയതായി പരാതി.
നമ്പ്യാകുളം പുല്ലംകണ്ണാപ്പള്ളില്‍ ജോസ് ജോണ്‍(81)ന്റെ കിണറ്റിലെ വെള്ളമാണ് സാമൂഹ്യവിരുദ്ധര്‍ ഉപയോഗശൂന്യമാക്കിയത്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവംജോസ് ജോണു ഭാര്യ മേരിയും കൊച്ചുമകന്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി ശ്രേയസ് സാജനുമാണ് വീട്ടില്‍ താമസിക്കുന്നത്.
വെള്ളിയാഴ്ച രാത്രി വെള്ളം ഉപയോഗിച്ചപ്പോള്‍ രുചിവ്യത്യാസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ കരിഓയിലും മണ്ണെണ്ണയും ഒഴിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് ജോസ് ജില്ലാ കളക്ടര്‍ക്കും കടുത്തുരുത്തി പോലീസിലും ആരോഗ്യവകുപ്പിലും മാഞ്ഞൂര്‍ പഞ്ചായത്തിലും പരാതി നല്‍കുകയായിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു. സംശയമുള്ളയാളുടെ പേര് സഹിതമാണ് ജോസ് ജോണ്‍ പരാതി നല്‍കിയിരിക്കുന്നത്.
















