പാനൂര്‍: ജലസംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാന്‍ കൊച്ചുകുട്ടികള്‍ രംഗത്ത്. ചമ്പാട് എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ജലസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ഹ്രസ്വ നാടകത്തിലൂടെ ബോധവത്ക്കരണം നടത്തുന്നത്. ഭൂമിയുടെ ഉറവകള്‍ മനുഷ്യര്‍ക്ക് മാത്രമുള്ളതല്ലെന്നും, ഓരോ തുള്ളി വെള്ളവും വിലപ്പെട്ടതായി കണ്ട് നല്ലൊരു നാളെക്കായി നമ്മുടെ ശീലങ്ങള്‍ മാറ്റണമെന്നുമാണ് അഞ്ച് മിനിട്ട് ദൈര്‍ഘ്യമുള്ള നാടകത്തിലൂടെ വിദ്യാര്‍ത്ഥികള്‍ അഭ്യര്‍ത്ഥിക്കുന്നത്. നാടകം ചമ്പാട്, പാനൂര്‍ മേഖലകളില്‍ പ്രദര്‍ശിപ്പിച്ചു. ലഘുലേഘ വിതരണവും നടന്നു. വിദ്യാര്‍ത്ഥികളായ തന്‍സിയ, അനുനന്ദ, അനാമിക, മുഹമ്മദ് ഷസിന്‍, എസ്.സാജ്, നിവേദിത, ഫാത്തിമത്ത് സദ, എസ്. ഇഷാന്‍ എന്നിവരാണ് വേഷമിടുന്നത്. നാടകത്തിന്റെ പ്രദര്‍ശനം പന്ന്യന്നൂര്‍ പഞ്ചായത്ത് വൈസ് പ്രസി. കെ.ഇ മോഹനന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് നസീര്‍ ഇടവലത്ത് അധ്യക്ഷനായി. പ്രധാനധ്യാപകന്‍ എം.ജയകൃഷ്ണന്‍, എംപിടിഎ പ്രസിഡണ്ട് രോഷിജ, സി.കെ.സനത്ത് എന്നിവര്‍ സംസാരിച്ചു.
















