മങ്കൊമ്പ്: സര്‍ക്കാരിന്റെയും. തദ്ദേശസ്ഥാപനങ്ങളുടെയും അവഗണനയില്‍ ഏസി കനാല്‍ മാലിന്യവാഹിനിയായി. കുട്ടനാട്ടില്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി കനാലിന് ശാപമോക്ഷം ലഭിക്കുമെന്ന പ്രതീക്ഷയും പാഴായി.
പോളയും മറ്റും കാടുപിടിച്ച് വളര്‍ന്നു നില്‍ക്കുന്നതിന് ഒപ്പം മാംസാവശിഷ്ടങ്ങളും കക്കൂസ് മാലിന്യവും കനാലില്‍ തള്ളുന്നത് പതിവായി.കനാലിലേക്ക് ഇറക്കി സ്ഥാപിച്ചിട്ടുള്ള ചായക്കടകള്‍, താറാവ് വില്‍പ്പന കേന്ദ്രങ്ങള്‍, ഇറച്ചി കടകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള മാലിന്യം ഇവിടേക്കാണ് തളളുന്നത്.
കനാല്‍ വെള്ളത്തില്‍ കുളിക്കുന്നവര്‍ക്ക് ചെറിച്ചില്‍ അനുഭവപ്പെടുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും കനാലിലെ വെള്ളം ഉപയോഗിക്കാന്‍ കൊള്ളില്ല. മനുഷ്യവിസര്‍ജ്യത്തില്‍ കാണുന്ന കോളിഫോം ബാക്ടീരയുടെ അളവ് വെള്ളത്തില്‍ നൂറിരട്ടി കൂടുതലാണ്. കനാല്‍ തീരത്തു കടകളില്‍ കനാലില്‍നിന്നുമുള്ള വെള്ളമാണ് ആഹാരം പകംചെയ്യൂന്നതിനും മറ്റും ഉപയോഗിക്കുന്നതെന്നും ആക്ഷേപം ഉയരുന്നു.
ആലപ്പുഴ, ചങ്ങനാശേരി ഭാഗങ്ങളില്‍നിന്നും രാത്രി കാലങ്ങളില്‍ ചെറിയ ടാങ്കര്‍ ലോറികളില്‍ കക്കൂസ് മാലിന്യം ഇവിടെ കൊണ്ടുവന്ന് തള്ളുന്നു. ജനവാസമില്ലാത്ത സ്ഥലങ്ങള്‍ നോക്കി ടാങ്കറില്‍ കടിപ്പിച്ചിട്ടുള്ള പൈപ്പില്‍ കൂടി കനാലിലേക്ക് മാലിന്യം ഒഴുക്കിവിടുകയാണ്.
കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയുള്ള കനാല്‍ നവീകരണം നടന്നിരുന്നെങ്കില്‍ ഏസി കനാലിന്റെ ഇന്നത്തെ അവസ്ഥയ്‌ക്ക് മാറ്റം വന്നേനെ. മനയ്‌ക്കച്ചിറ മുതല്‍ ഒന്നാംകര വരെ കനാലിന്റ തെക്കേകരയില്‍ കല്ലുകെട്ടിയതല്ലാതെ ആഴം വര്‍ധിപ്പിക്കുന്നതിനോ ഒഴുക്കിന് തടസം നില്‍ക്കുന്ന നിര്‍മാണങ്ങള്‍ നീക്കാനോ കഴിഞ്ഞില്ല.
















