ചാരുംമൂട്: ഗൃഹനാഥനെ വീട്ടില്‍ കയറി കുത്തിയ പ്രതിയെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് കുടുംബശ്രീ , തൊഴിലുറപ്പ് പ്രവര്‍ത്തകര്‍. നൂറനാട് ഉളവുക്കാട് ആര്യനിവാസില്‍ സന്തോഷ് കുമാറിനെ (45) കഴിഞ്ഞ പത്തിന് വീട്ടില്‍ കയറി കുത്തിക്കൊല്ലാന്‍ ശ്രമിച്ച തൊപ്പിഷാജി എന്ന ഷാജിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഉളവുക്കാട് വാര്‍ഡിലെ കുടുംബശ്രീ തൊഴിലുറപ്പു സ്ത്രീ തൊഴിലാളികള്‍ ഒന്നടങ്കം നൂറനാട് പോലീസിന് പരാതി നല്‍കി.
കുത്തേറ്റ് സന്തോഷ് കുമാര്‍ അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ദേശീയ തൊഴിലുറപ്പിന്റെ ഭാഗമായി ഉളവുക്കാട് രണ്ടുതുണ്ടില്‍ ജങ്ഷന്‍ മുതല്‍ കിഴക്ക് വയല്‍വരെയുള്ള റോഡിന്റെ ഇരുവശവും മണ്ണ് നീക്കം ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകളെ യാതൊരു കാരണവുമില്ലാതെ ഷാജി വഴക്ക് പറയുകയും സന്തോഷിന്റെ ഭാര്യ സുജാത ഇതുസംബന്ധിച്ച് വാര്‍ഡ് മെമ്പര്‍ക്കും പഞ്ചായത്ത് അധികാരികളെയും അറിയിക്കുകയും ചെയ്തു. ഇതെതുടര്‍ന്ന് രാത്രി ജോലികഴിഞ്ഞ് എത്തിയ സുജാതയുടെ ഭര്‍ത്താവ് സന്തോഷുമായി വാക്കേറ്റം ഉണ്ടാവുകയും കത്തികുത്തില്‍ കലാശിക്കുകയുമായിരുന്നു.
നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ ഷാജി പലതവണ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ്.
കഞ്ചാവ്, സ്പിരിറ്റ്, തുടങ്ങി മറ്റ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വനല്‍കുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ് ഇയാളെന്നും കുടുംബശ്രീ തൊഴിലുറപ്പു തൊഴിലാളികള്‍ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
















