കറുകച്ചാല്‍: ശാന്തിപുരം വെങ്കോട്ട റോഡില്‍ തൃക്കോയിക്കല്‍ ഭാഗത്ത് സ്വകാര്യ വ്യക്തി ഓവുചാല്‍ കെട്ടിയടച്ചു.
ഇതുകാരണം ഒഴുക്കുതടഞ്ഞ് കവലയില്‍ വെള്ളക്കെട്ട് രൂക്ഷമായി. തൊടിനടുത്ത് താമസിക്കുന്ന വികലാംഗനായ ടി.വി. ജോസഫ് (പാപ്പച്ചന്‍)ന്റെ വീട്ടുമുറ്റത്തും വെള്ളം കയറി. ഇവരുടെ വീടിന്റെ പടിഞ്ഞാറുവശത്തുകൂടിയാണ് ഓടയുള്ളത്. ഇതിന്റെ താഴെയുള്ള തോട്ടിലേക്കാണ് വെള്ളം ചെന്നു ചേരുന്നത്. റോഡിന്റെ വടക്കുഭാഗം കുന്നാണ്. ഇവിടെ മാമ്മൂട്ടിലേക്ക് ഒരു റോഡുമുണ്ട്. ഈ റോഡില്‍ കൂടിവെള്ളം കവലയിലെത്തും. വെള്ളം തോട്ടിലേക്ക് പോകുന്ന രീതിയിലാണ് ഓടയുള്ളത്. ഈ ഓട അടഞ്ഞതാണ് വെള്ളം കെട്ടിനില്‍ക്കാന്‍ കാരണം. നിരവധി ബസ്സുകളും മറ്റ് വാഹനങ്ങളും ഈ റോഡില്‍ കൂടി കടന്നുപോകുന്നതു കാരണം വെള്ളം തെറിച്ച് വീട്ടിലേക്കും പതിക്കാറുണ്ട്.
വെള്ളം കെട്ടിനിന്ന് റോഡ് തകരുവാനും സാധ്യതയുണ്ട്. ഇതു സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമില്ല. എത്രയും വേഗം ഓട കെട്ടിയടച്ചത് പൊളിച്ചുമാറ്റണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
















