മാവേലിക്കര: താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയില്‍ നടന്ന സാമ്പത്തിക ക്രമക്കേട് അന്വേഷിക്കുന്ന സഹകരണ വകുപ്പിന്റെ സംഘം സമര്‍പ്പിച്ചതു മൂന്നു ഇടക്കാല റിപ്പോര്‍ട്ടുകള്‍. അന്വേഷണ ചുമതലയുള്ള കെ.രാജു ജനുവരി 13, ഫെബ്രുവരി ഏഴ്, 22 തീയതികളിലായി മൂന്നു ഇടക്കാല റിപ്പോര്‍ട്ടുകളാണു സമര്‍പ്പിച്ചത്.
തഴക്കര ശാഖയില്‍ നിന്നും പരിശോധനക്കായി നല്‍കിയ റിപ്പോര്‍ട്ടുകളും കംപ്യൂട്ടറിലെ രേഖപ്പെടുത്തലുകളും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കിന്റെ കംപ്യൂട്ടര്‍ സെര്‍വറില്‍ മറ്റു സമാന്തര സോഫ്ട്‌വെയര്‍ ഘടിപ്പിച്ചു യഥാര്‍ഥ രേഖകളില്‍ തിരുത്തലുകള്‍ വരുത്തിയതായി കണ്ടെത്തി.
തിരുത്തലുകള്‍ സെര്‍വര്‍ സൈറ്റ് ഓപ്പണ്‍ ചെയ്യുന്ന ഭാഗത്തു തന്നെ വരുത്തിയിരിക്കുന്നതിനാല്‍ 2009-10 സാമ്പത്തിക വര്‍ഷം മുതലുള്ള അക്കൗണ്ടിങില്‍ മാറ്റങ്ങള്‍ ഉള്ളതായും കണ്ടെത്തി. വിവിധ വായ്‌പകളിലായി 28.24 കോടി രൂപ ക്രമപ്രകാരമല്ലാതെ ചെലവു എഴുതിയിട്ടുള്ളതായും ഇടക്കാല റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
തഴക്കര ശാഖയിലെ സ്ഥിര നിക്ഷേപകരായ നിരവധി പേര്‍ തങ്ങളുടെ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ അന്വേഷണ സംഘത്തിനു കൈമാറി. 13നും 14നും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഹാജരാക്കുന്നതിനു സമയം അനുവദിച്ചിട്ടുണ്ട്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചു സ്ഥിര നിക്ഷേപത്തില്‍ എത്ര രൂപയുടെ ക്രമക്കേട് വരുത്തിയിട്ടുണ്ടെന്നു കണ്ടെത്താനാണു അന്വേഷണ സംഘം ശ്രമിക്കുന്നത്.















