പാമ്പാടി: ആലാംപള്ളി-കറുകച്ചാല്‍ റോഡില്‍ ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ മൂലം പ്രദേശവാസികളുടെ സൈ്വര്യജീവിതം നഷ്മായിരിക്കുന്നു. രാത്രി 12മുതല്‍ പുലരുവോളം ടിപ്പര്‍ ലോറികള്‍ റോഡ് കയ്യടക്കിയിരിക്കുകയാണ്. പാമ്പാടി കെ.ജി.കോളേജിന് സമീപം അനധികൃത മണ്ണെടുപ്പിനായി വരുന്നതാണ് ഈ ലോറികള്‍. പാമ്പാടി പോലീസില്‍ ജലഉപഭോക്തൃ തണ്ണീര്‍ത്തട സംരക്ഷണ സമിതി പരാതി നല്‍കിയിരുന്നുവെങ്കിലും ഇതുവരെയും നടപടി ഒന്നും ഉണ്ടായില്ല. റോഡിന്റെ ഇരുവശവുമായി 50ഓളം ടിപ്പറുകളാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. എല്ലാ പാരിസ്ഥിതിക നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് നടക്കുന്ന ഈ പ്രകൃതി ചൂഷണം വന്‍ ജനകീയ പ്രതിഷേധം ഏറ്റുവാങ്ങുന്നുണ്ട്. പാമ്പാടി പഞ്ചായത്തിലെ മണ്ണ് പഞ്ചായത്തിന് വെളിയില്‍ കൊണ്ടുപോകാന്‍ പാടില്ലായെന്ന മുന്‍ഭരണസമിതിയുടെ തീരുമാനം മരവിപ്പിച്ചത് മൂലമാണ് ആലപ്പുഴയിലേക്ക് മണ്ണ് കയറ്റിക്കൊണ്ടുപോകുന്നത്. കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ കരമണ്ണ് ഖനനം നടക്കുന്ന പ്രദേശമായി ചുരുങ്ങിയകാലംകൊണ്ട് പാമ്പാടി മാറിയിരിക്കുന്നു. ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ വന്‍ അഴിമതി നടക്കുന്നതായി ജലഉപഭോക്തൃ തണ്ണീര്‍ത്തട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എബിഐപ്പ് പറഞ്ഞു.
















