പുനലൂര്‍: പാറ, മെറ്റല്‍ തുടങ്ങിയ നിര്‍മാണസാമഗ്രികള്‍ക്ക് വില വര്‍ധിച്ചതോടെ നിര്‍മാണമേഖലയില്‍ പ്രതിസന്ധി രൂക്ഷമായി.
കെട്ടിടനിര്‍മാണത്തിനും പൊതുമരാമത്ത്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിന്നും പാലത്തിന്റെയും റോഡുകളുടെയും എല്ലാം വര്‍ക്കുകള്‍ എടുത്തവരും വിലവര്‍ധന കാരണം വലയുകയാണ്. പാറയ്ക്ക് ലോഡിന് 4500 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 6500 മുതല്‍ 7000 രൂപ വരെയാണ് ഈടാക്കുന്നത്. ടിപ്പറില്‍ ഇതിലും കൂടുതലാണ് ചാര്‍ജ്. ഇതുകാരണം കെട്ടിടനിര്മാതാക്കള്ക്കൊപ്പം പൊതുമരാമത്ത് വകുപ്പിലും പഞ്ചായത്ത് മുനിസിപ്പാലിറ്റികളുടെ പണികള്‍ എടുത്ത കോണ്ട്രാക്ടര്മാരും ആശങ്കയിലാണ്. മാര്‍ച്ച് 31നകം തീര്‍ക്കേണ്ട പണികള്‍ തുടങ്ങാനും തുടങ്ങിയ പണികള്‍ പാതിവഴിയില്‍ എത്തിയ നിലയിലുമാണ്. ഈ സാഹചര്യത്തിലാണ് ക്രമാതീതമായ വിലക്കയറ്റം സാധനസാമഗ്രികള്‍ക്ക് വന്നത്. കെട്ടിടനിര്‍മാണസാമഗ്രികളുടെ ക്രമാതീതമായ വിലവര്‍ധന ചില ക്രഷര്‍ മുതലാളിമാരുടെ ഒത്താശയോടെയാണ്. ക്രഷര്‍ സമരം തുടരുമ്പോഴും ഇവര്‍ രഹസ്യമായി പാറയും പാറപ്പൊടിയും എംസാന്റും മെറ്റലും സൈറ്റുകളില്‍ എത്തിച്ചാണ് അമിതവില ഈടാക്കുന്നത്. മാര്‍ച്ച് 31ന് മുമ്പ് തീര്‍ക്കേണ്ട ഭവനപദ്ധതികളുടെയും കക്കൂസ്, പാലം, റോഡ്, കലുങ്ക് നിര്‍മാണം എന്നിവയുടെ നിര്‍മാണം നിലച്ചതോടെ ഈ തുക ലാപ്സായിപോകുമെന്ന ഭയവും കോണ്‍ട്രാക്ടര്‍മാരിലും ഉള്ളതിനാല്‍ പലരും നഷ്ടം സഹിച്ചും അമിതവിലക്ക് നിര്‍മാണസാമഗ്രികള്‍ വാങ്ങി പണികള്‍ നടത്തുകയാണ്.
നിയമപ്രകാരം പാറമടകള്‍ എല്ലാം സര്‍ക്കാരിന്റെതാണ്. താലൂക്ക് ഓഫീസുകളില്‍ നിന്നും തുഛമായ വിലക്ക് 15 ദിവസത്തേക്കാണ് പാറ പൊട്ടിക്കാന്‍ പെര്‍മിറ്റ് കൊടുക്കുന്നത്. ഇതിന് പുറമെ പാറയ്ക്കും മെറ്റലിനും ജില്ലാ കളക്ടറുടെ ചേമ്പറില്‍ വില നിശ്ചയിക്കുകയും ചെയ്യും. എന്നാല്‍ ഇതൊന്നും ക്രഷര്‍ മുതലാളിമാര്‍ പാലിക്കാറില്ലെന്നും കെട്ടിടനിര്‍മാതാക്കളും കോണ്ട്രാക്ടര്മാരും പറയുന്നു. ഇതോടെ ജില്ലയില്‍ നിരവധി കെട്ടിടങ്ങളുടെയും പാലങ്ങളുടെയും നിര്‍മാണം നിലച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: