ആലപ്പുഴ: വ്യക്തികളുടെ അന്തസ്സും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്നത് മാധ്യമ ബോധത്തിന്റെ ഭാഗമാണെന്നും തെറ്റായ സെന്‍സേഷണലിസം മാധ്യമങ്ങളുടെ വിശ്വാസ്യതയെ തകര്‍ക്കുമെന്നും ഡോ. സെബാസ്റ്റിയന്‍ പോള്‍.
സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് പിആര്‍ഡിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ ഭിന്നശേഷിക്കാര്‍ക്കോ ഒരുതരത്തിലുമുള്ള വിവേചനവും ഭരണഘടന അനുവദിക്കുന്നില്ല. വയോധികരായ സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്ത പിഞ്ചുകുഞ്ഞുങ്ങളും ലൈംഗിക അതിക്രമത്തിന് വിധേയരാകുന്നു.
മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകളെ പര്‍വതീകരിക്കുമ്പോള്‍ സ്വകാര്യത വിലപ്പെട്ട മനുഷ്യാവകാശവും സംരക്ഷണവുമാണെന്ന് അറിഞ്ഞിരിക്കണം. സാമൂഹികമായ ഭ്രഷ്ട് ഉണ്ടാകാത്ത വിധം വാര്‍ത്തകള്‍ നല്‍കണം. ‘ഇര’ എന്നത് അത്ര നല്ല വാക്കല്ല.
ഇരയാക്കപ്പെടേണ്ടവള്‍ എന്ന ദുസ്സൂചന അത് നല്‍കുന്നുണ്ട്. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് വി.എസ്. ഉമേഷ് ആദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, പ്രസ്‌ക്ലബ്ബ് സെക്രട്ടറി ജി. ഹരികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
















