പാലാ: കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ 6-ാം ഉത്സവത്തോടനുബന്ധിച്ച് നാളെ കട്ടച്ചിറയില്‍ നിന്ന് ഭക്തിനിര്‍ഭരമായ കാവടി ഘോഷയാത്ര നടക്കും.
കിടങ്ങൂര്‍ ക്ഷേത്രത്തിലേക്ക് രാവിലെ 7ന് കട്ടച്ചിറ കാണിക്കമണ്ഡപത്തില്‍ നിന്ന് കാവടിഘോഷയാത്ര ആരംഭിക്കും. 35-ാമത് കാവടിഘോഷയാത്രയാണീവര്‍ഷം നടക്കുന്നത്. 300ല്‍പരം കലാകാരന്മാര്‍ പങ്കെടുക്കും. വഴിപാട് കാവടിയായ ഒറ്റക്കാവടി, പന്ത്രണ്ട് കാവടി, കൊട്ടക്കാവടി എന്നിവയും ആട്ടക്കാവടി, തിറയാട്ടം, തെയ്യം, ശിങ്കാരിമേളം, പമ്പമേളം, കരകാട്ടം, വാദ്യമേളങ്ങള്‍, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍ എന്നിവ കാവടിഘോഷയാത്രയില്‍ അണിചേരും.
1982ല്‍ തുടങ്ങിയ കട്ടച്ചിറ കാവടിഘോഷയാത്ര അതിന്റെ തനിമയും പ്രൗഢിയും ചോരാതെയാണ് ഇന്നും നടത്തുന്നത്. ഒരു ജനതയുടെ സംസ്‌കാരവും കൂട്ടായ്‌മയും സമര്‍പ്പണവുമാണിവിടെ പ്രതിഫലിക്കുന്നത്. കേരളത്തിന്റെ തനത് കലാരൂപങ്ങളുടെ കാലാതീതമായ നിലനില്‍പ്പും കട്ടച്ചിറക്കാവടിയുടെ ലക്ഷ്യമാണെന്ന് സംഘാടകര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ജി.വിശ്വനാഥന്‍ നായര്‍, കെ.പി.ഗോപിനാഥന്‍ നായര്‍, ടി.കെ.ശ്രീകുമാര്‍, ടി.ജി.അനീഷ്, ടി.ആര്‍.വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
















