കോട്ടയം: ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തി നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ വീണ്ടും അപകടം. ഇന്നലെ രാവിലെ 10.15ന് നടന്ന അപകടത്തില്‍ പള്ളിക്കത്തോട് മാണ്ടാക്കരയില് ശാന്തമ്മ(70)ക്കാണ് പരിക്കേറ്റത്.
പിന്നോട്ടെടുത്ത സ്വകാര്യബസ് ശാന്തമ്മയുടെ കാല്‍പ്പാദത്തിലൂടെ കയറിയിറങ്ങി. ശാന്തമ്മയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരോടൊപ്പമുണ്ടായിരുന്ന രണ്ടുവയസ്സുകാരന് ബസ്സിനടിയില്പ്പെട്ടുവെങ്കിലും പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വാരിശേരിയിലുള്ള മകളുടെ വീട്ടിലേക്ക് പോകുവാനായി നാഗമ്പടം സ്റ്റാന്‍ഡില്‍ വന്നതായിരുന്നു അവര്‍. കോട്ടയം പള്ളിക്കത്തോട് റൂട്ടിലോടുന്ന തോംസണ്‍ ബസ്സാണ് അപകടമുണ്ടാക്കിയത്.
കഴിഞ്ഞ ഡിസംബര്‍ 5ന് സമാനമായ രീതിയിലുണ്ടായ അപകടത്തില്‍ ബസ്സിനടിയില്‍പ്പെട്ട് 11കാരി മരിച്ചിരുന്നു. ഒളശ കൊച്ചുപറമ്പില്‍ സുഗുണന്-പ്രമീള ദമ്പതികളുടെ മകളാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മുത്തശ്ശി ശാന്തമ്മ(71)ക്കും പരിക്കേറ്റിരുന്നു.
ഈ അപകടത്തെത്തുടര്‍ന്ന് ചിലപരിഷ്ക്കാരങ്ങള് സ്റ്റാന്‍ഡില്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അതുകൊണ്ടും അപകടം കുറയ്ക്കാന്‍ പ്രയോജനമാകുന്നില്ലെന്നാണ് ഇന്നലെ നടന്ന അപകടം കാണിക്കുന്നത്. ബസുകള്‍ സ്റ്റാന്‍ഡിലേക്ക് കയറുന്ന ഭാഗത്തുകൂടിത്തന്നെ ഇറങ്ങിപ്പോകണമെന്ന് വ്യവസ്ഥയുണ്ടായിരുന്നുവെങ്കിലും ട്രാഫിക് പോലീസിന്റെ സാന്നിദ്ധ്യം കുറഞ്ഞതോടെ സ്വകാര്യ ബസുകള്‍ തോന്നുംപടിയാണ് പ്രവര്‍ത്തിക്കുന്നത്.
നാഗമ്പടം സ്റ്റാന്‍ഡില്‍ ട്രിപ്പ് അവസാനിക്കുന്ന ബസുകളില്‍ നിന്ന് കണ്ടക്ടറും ക്ലീനറും ഇറങ്ങിപ്പോകുന്നതും ഡ്രൈവര്തനിയെ ബസ് പുറകോട്ടെടുത്ത് തിരിച്ചിടേണ്ട അവസ്ഥയുമാണ് അപകടമുണ്ടാകാന്‍ പ്രധാന കാരണം. ബസുകള്‍ക്ക് റിവേഴ്സ് ക്യാമറ സിസ്റ്റം കൊണ്ടുവന്നാല്‍ ബസ്സിന്റ പുറകുവശം ഡ്രൈവര്‍മാര്‍ക്ക് കാണുവാന്‍ സാധിക്കും. ഇത് അപകടം കുറയ്ക്കുവാനും സാധിക്കും. അതുപോലെ തന്നെ ഓരോ സ്ഥലങ്ങളിലേക്ക് പുറപ്പെടേണ്ട ബസ്സുകള്‍ക്ക് നമ്പര്‍ സിസ്റ്റവും ക്യൂസിസ്റ്റവും ഉണ്ടാകുന്നതും അപകടസാധ്യത കുറയ്ക്കുവാന്‍ കഴിയും. ഇനിയുമൊരു അപകടത്തിന്കൂടി സാദ്ധ്യത ഉണ്ടാകാതിരിക്കുവാന്‍ അധികൃതരുടെ ഭാഗത്തുനിന്നും കര്‍ശനമായ നിലപാടുകള്‍ ഉണ്ടായേ മതിയാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: