ആലപ്പുഴ: ബോട്ട് സര്‍വീസ് വൈകിയതിനെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് മര്‍ദ്ദനമേറ്റു. ആലപ്പുഴ ബോട്ട് സ്റ്റേഷന്‍ മാസ്റ്റര്‍ ധനപാലനാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആലപ്പുഴ മാതാ ജെട്ടിയില്‍ നിന്നും രാവിലെ 11.30 ന് പുറപ്പെടേണ്ട കോട്ടയം ബോട്ട് സര്‍വീസ് വൈകിയതാണ് തര്‍ക്കത്തിനിടയാക്കിയത്. ബോട്ട് വൈകിയത് യാത്രക്കാര്‍ തിരക്കിയപ്പോള്‍ ക്ലച്ച് ലിവര്‍ തകരാറിലാണെന്നാണ് ജീവനക്കാര്‍ പറഞ്ഞത്.
ജീവനക്കാരില്ലാത്തതാണ് പ്രശ്‌നമെന്ന് യാത്രക്കാര്‍ തര്‍ക്കിച്ചു. തുടര്‍ന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതോടെ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സ്റ്റേഷന്‍ മാസ്റ്ററെ യാത്രക്കാരില്‍ ചിലര്‍ കയ്യേറ്റം ചെയ്തു. ഇതിനിടെ സ്റ്റേഷന്‍ മാസ്റ്ററെ രക്ഷിക്കാന്‍ ഇടപെട്ട ബോട്ട് ഡ്രൈവര്‍ ആലപ്പുഴ പുന്നമട സ്വദേശി അനില്‍കുമാറുമായി വാക്കുതര്‍ക്കമായി. തുടര്‍ന്ന് പോലീസ് അനില്‍കുമാറിനെ യാത്രക്കാരെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തു.
യാത്രക്കാരില്‍ ഒരാളെയും സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് ഇടപെട്ട് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ഒരു മണിക്കൂറിന് ശേഷം ബോട്ട് സര്‍വീസുകള്‍ പുനരാരംഭിച്ചു. ജീവനക്കാര്‍ സമരത്തിന് തയ്യാറായെങ്കിലും ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഇടപെട്ട് പ്രശ്‌നം രമ്യതയില്‍ അവസാനിപ്പിക്കുകയായിരുന്നു.
കായലിലെ പോളശല്യം മൂലം ബോട്ടുകള്‍ തകരാറിലാകുന്നതും സര്‍വീസ് വൈകുന്നതും പതിവായിരിക്കുകയാണ്. ഇതിന്റെ പേരില്‍ തങ്ങളെ അക്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പോളശല്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും തയ്യാറാകണമെന്നും ജീവനക്കാര്‍ പറയുന്നു.
















