ഇരിട്ടി : ആറളം പഞ്ചായത്തിലെ വനമേഖല പങ്കിടുന്ന വാളത്തോട്, നിര്‍മ്മലഗിരി കോളനി, 110 കോളനി, നീലായ്‌മലയുടെ ഒരു ഭാഗം എന്നിവിടങ്ങളില്‍ പടര്‍ന്ന തീയില്‍ ഏക്കറുകണക്കിന് അടിക്കാടുകളും സ്വകാര്യ വ്യക്തികളുടെ കഴുമാവിന്‍ തോട്ടങ്ങളും മറ്റും കത്തി നശിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ആറളം വനത്തിലെ അടിക്കാടുകളില്‍ നിന്ന് പടര്‍ന്ന തീ സ്വകാര്യ വ്യക്തികളുടെയും കോളനി പ്രദേശങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഇരിട്ടിയില്‍ നിന്നും അഗ്‌നി ശമന സേന എത്തിയെങ്കിലും വാഹനം കയറിപ്പോകാന്‍ കഴിയാത്ത മലമ്പ്രദേശങ്ങള്‍ ആയതിനാല്‍ ഏറെ പാട് പെട്ടാണ് തീ അണക്കാനായത്. അഗ്‌നിശമന സേനക്കൊപ്പം ആറളം പോലീസും നാട്ടുകാരും പച്ചില കമ്പുകളും മറ്റും ഉപയോഗിച്ച് നടത്തിയ ഏറെ നേരത്തെ പരിശ്രമത്തിനോടുവില്‍ തീ നിയന്ത്രണ വിധേയമാവുകയായിരുന്നു. ഇരിട്ടി അഗ്‌നിശമനസേനാ നിലയം അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ടി. മോഹനന്‍, ലീഡിംഗ് ഫയര്‍മാന്‍ മാരായ ബെന്നി ദേവസ്യ, കെ.വി.സനീഷ്, പി.ആര്‍.സന്ദീപ്,അനീഷ്, നവേദ്, കുഞ്ഞികൃഷ്ണന്‍, രമേശന്‍, ചന്ദ്രന്‍, ബിനോയ് എന്നിവരായിരുന്നു തീ അണക്കുന്നതിന് നേതൃത്വം നല്‍കിയ സംഘത്തില്‍ ഉണ്ടായിരുന്നത്.
















