തിരുവനന്തപുരം : ആറ്റുകാല്‍ ക്ഷേത്രത്തിന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുളള എല്ലാ റോഡുകളും സമയബന്ധിതമായി അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്നും ആവശ്യമുള്ള സ്ഥലങ്ങളില്‍ ഓടകള്‍ വൃത്തിയാക്കുമെന്നും മന്ത്രി ജി.സുധാകരന്‍. ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുമായി ബന്ധപ്പെട്ട് ഈ പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ക്ഷേത്രത്തിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ പൊതുമരാമത്തു റോഡുകളും യാത്രാ യോഗ്യമാക്കാന്‍ രണ്ടാഴ്ചയ്‌ക്ക് മുമ്പ് തന്നെ അനുമതി നല്‍കിയിട്ടുണ്ട്. പൊതുമരാമത്ത് നിരത്തുവിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ക്ഷേത്രത്തിനു അഞ്ച് കിലോമീറ്റര്‍ ചുറ്റളവിനുള്ളിലുള്ള പൊതുമരാമത്ത് റോഡുകള്‍ പരിശോധിക്കുകയും ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികളുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റുമായി ഫോണില്‍ ഇക്കാര്യങ്ങള്‍ വിശദമായി സംസാരിച്ചിരുന്നതായും അദ്ദേഹം അറിയിച്ചു. ആറ്റുകാല്‍-കാലടി റോഡ് അറ്റകുറ്റപ്പണി ചെയ്യുന്നതിന് പൊതുമരാമത്ത് നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ക്ഷേത്ര ഉല്‍സവത്തിന്റെ പേരില്‍ നഗര റോഡുകള്‍ (പൊതുമരാമത്ത് വകുപ്പിന്റേത് അല്ലാതുള്ള) പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണി ചെയ്യാന്‍ ചിലര്‍ ആവശ്യം ഉന്നയിക്കുന്നുണ്ട്. അതിന് പൊതുമരാമത്തു ചട്ടങ്ങള്‍ അനുശാസിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
















