കല്‍പ്പറ്റ: കല്ലൂര്‍ കൊമ്പനെ വീണ്ടും പന്തിയിലാക്കി. കഴിഞ്ഞ ദിവസം പന്തി പൊളിച്ചാണ് കൊമ്പനെ പുറത്തിറക്കിയത്. പറമ്പിക്കുളത്തേക്ക് കൊണ്ടുപോകുന്നതിന് പന്തി പൊളിക്കേണ്ടി വന്നു. ഏറെ ശ്രമ ഫലമായാണ് പന്തിയില്‍ നിന്നും ലോറിയില്‍ കയറ്റിയതും. എന്നാല്‍ ഉത്തരവ് മാറി മറിഞ്ഞപ്പോള്‍ കൊമ്പനെ ലോറിയില്‍ നിന്നും ഇറക്കേണ്ടി വന്നു. താമസിക്കാനുള്ള ഇടം പൊളിച്ചത് വിനയാവുകയും ചെയ്തു. വീണ്ടും പൊളിച്ച പന്തി നന്നാക്കി പഴയയതുപോലെയാക്കി കൊമ്പനെ വീണ്ടും അതിനുള്ളിലാക്കുകയായിരുന്നു. ഈ രണ്ട് ദിവസത്തെ പ്രയത്നത്തിന് ജീവനക്കാര്‍ ഏറെ പാടുപെട്ടു. പറമ്പിക്കുളത്തെ ജനങ്ങളുടെ പ്രതിഷേധമാണ് ഉത്തരവ് മാറാന്‍ കാരണമായത്. എന്നാല്‍ പ്രതിഷേധം തുടങ്ങിയപ്പോള്‍ പറമ്പിക്കുളത്തേക്ക് കൊണ്ടുപോകുന്നത് തത്കാലം വേണ്ടെന്നുവെച്ചാല്‍ പന്തി പൊളിക്കാനും കൊമ്പനെ ലോറിയില്‍ കയറ്റുന്നതും ഒഴിവാക്കാമായിരുന്നു. എട്ടോളം മയക്കുവെടിയാണ് ആനക്ക് വെച്ചത്. ഇത് ആനയുടെ ആരോഗ്യത്തെ ബാധിക്കാനിടയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ദീര്‍ഘ വീക്ഷണമില്ലാത്ത ഉന്നതരുടെ നടപടിയാണ് ഇതിനെല്ലാം കാരണമെന്ന് ആരോപണമുയരുന്നുണ്ട്. ജീവനക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടും നിസാരമല്ല. ഇനി അടുത്ത ഉത്തരവ് എപ്പോഴാണ് ഉണ്ടാകുന്നത് എന്ന ആശങ്കയും നിലവിലുണ്ട്. കൊമ്പന് പന്തിയില്‍ തിരികെയെത്തിയെങ്കിലും തീറ്റക്ക് പഴയ ഉണര്‍വ് കാണുന്നില്ല. ക്ഷീണിച്ചിരിക്കുകയാണ്. വീണ്ടും പഴയ നിലയിലെത്താന്‍ ഇനിയും സമയമെടുക്കും. വയനാട്ടില്‍ കല്ലൂര്‍ കൊമ്പന് പ്രത്യേക ഭൂവിഭാഗം ഒരുക്കണമെന്ന് ദില്ലി പ്രൊജക്റ്റ് എലെഫന്റ് ഡയറക്ടര്‍ കേരളാ വനം വകുപ്പിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: