കണ്ണൂര്‍: എല്‍ഡിഎഫ് ഭരണത്തില്‍ എസ്പിമാര്‍ വാഴാത്ത ജില്ലയായി കണ്ണൂര്‍ മാറുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി നാലാം തവണയാണ് എട്ടുമാസത്തിനുളളില്‍ ജില്ലാ പോലീസ് സൂപ്രണ്ടിനെ മാറ്റുന്നത്. കൂടാതെ ഏതാനും ദിവസം മുമ്പ് ഉത്തരമേഖല ഡിഐജി ദിനേന്ദ്ര കശ്യപിനെയും മാറ്റിയിരുന്നു. സിപിഎമ്മിന് വഴങ്ങാത്തതാണ് ഡിഐജിയുടെ സ്ഥാനചലനത്തിന് വഴിതെളിയിച്ചത്. ഇപ്പോള്‍ എസ്പി കെ.പി.ഫിലിപ്പിന്റെ സ്ഥലം മാറ്റത്തിന് പിന്നിലും സിപിഎം നേതൃത്വമാണെന്നാണ് സൂചന.
എല്‍ഡിഎഫ് അധികാരത്തില്‍ വന്ന നാളുകളില്‍ ഹരിശങ്കരായിരുന്നു എസ്പി. പാര്‍ട്ടി ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവരെ നിയമിക്കുന്നതിന്റെ ഭാഗമായി അധികാരത്തിലെത്തി ഏതാനും ദിവസങ്ങള്‍ക്കുളളില്‍ ഹരിശങ്കറിനെ സ്ഥലം മാറ്റി. പിന്നീട് നിയമിതനായ സഞ്ജയ്‌കുമാര്‍ ഗരുഡിനെ സിപിഎം ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കാത്തതിന്റെ പേരില്‍ തല്‍സ്ഥാനത്തു നിന്നും നീക്കി. തുടര്‍ന്ന് സിപിഎം സഹയാത്രികനായ കെ.എ.ഫിലിപ്പിനെ തല്‍സ്ഥാനത്ത് നിയോഗിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു നിയമനം. എന്നാല്‍ അദ്ദേഹത്തെ എസ്പി സ്ഥാനത്ത് രണ്ട് മാസം തികയും മുമ്പ് അദ്ദേഹത്തേയും മാറ്റിക്കൊണ്ടാണ് പുതിയ എസ്പിയായി ശിവവിക്രമിനെ നിയമിച്ചിരിക്കുന്നത്.
















