കണ്ണൂര്‍: ബാങ്കിന്റെ കിട്ടാക്കടം പിടിക്കുന്നതിനും പ്രൗഡി നിലനിര്‍ത്തുന്നതിനുമായി ബാങ്ക് ജീവനക്കാരും വിരമിച്ചവരും ഒന്നുചേര്‍ന്ന് കിട്ടാക്കടക്കാര്‍ത്തെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. കാത്തലിക് സിറിയന്‍ ബാങ്ക് ജീവനക്കാരും വിരമിച്ചവരുമാണ് സംസ്ഥാനതലത്തില്‍ ഇരുപത് കേന്ദ്രങ്ങളില്‍ കിട്ടാക്കടക്കാരായ സ്ഥാപനങ്ങളുടെ മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്. ബാങ്കിന്റെ കിട്ടാക്കടം വര്‍ദ്ധിക്കുകയും മൂലധനം വര്‍ധിക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി ബാങ്ക് നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ കിട്ടാക്കടങ്ങള്‍ നിയന്ത്രിക്കുന്നതിനും തിരിച്ചടപ്പിക്കുന്നതിനുമായി ബാങ്ക് മാനേജ്‌മെന്റ് ജീവനക്കാരുടെ സഹായം തേടിയിരുന്നു. ഇതനുസരിച്ച് ഓരോ ജീവനക്കാരനും നിശ്ചിക അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ നല്‍കുകയും ഇതിന്റെ പിന്തുടര്‍ച്ചയെന്നോണം വേറിട്ടൊരു ചിന്താഗതി വേണമെന്ന ആശയം ഉടലെടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചടക്കാന്‍ സൗകര്യമുണ്ടായിട്ടും വായ്‌പ തിരിച്ചടക്കാത്ത സ്ഥാപനങ്ങളുടെ മുന്നില്‍ ധര്‍ണ നടത്താന്‍ തീരുമാനിച്ചത്. കണ്ണൂരില്‍ തെക്കി ബസാറില്‍ പ്രവര്‍ത്തിക്കുന്ന അര്‍ജ്ജുന്‍ അസോസിയേറ്റ്‌സിന് മുന്നിലാണ് ധര്‍ണ നടത്തിയത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന കണ്ണൂരില്‍ ഏരിയയിലെ ജീവനക്കാര്‍ സമര പരിപാടിയില്‍ പങ്കെടുത്തു. കണ്ണൂര്‍ ഏരിയാ മാനേജര്‍ കെ.സി.ജോയി, കോഴിക്കോട് സോണല്‍ ഓഫീസിലെ സീനിയര്‍ മാനേജര്‍ കെ.ജി.സുഭാഷ്, കണ്ണൂര്‍ ബ്രാഞ്ച് മാനേജര്‍ ജെയ്‌സണ്‍ സി ഡേവിഡ് എന്നിവര്‍ നേതൃത്വം നല്‍കി. മനപൂര്‍വ്വം കടം തിരിച്ചടക്കാത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നില്‍ അടുത്ത ഘട്ടത്തില്‍ ജീവനക്കാരുടെ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി വ്യത്യസ്തമായ ഒരു പ്രതിഷേധം സംഘടിപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം.
.
















